ഉത്തര കൊറിയൻ നേതൃത്വത്തെ ‘നിശേഷം നശിപ്പിക്കും’: യുഎസിന്റെ മുന്നറിയിപ്പ്

നിക്കി ഹാലെ

ന്യൂയോർക്ക്∙ യുദ്ധമുണ്ടായാൽ ഉത്തര കൊറിയൻ നേതൃത്വത്തെ ‘നിശേഷം നശിപ്പിക്കുമെന്ന്’ യുഎസിന്റെ മുന്നറിയിപ്പ്. അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഉത്തര കൊറിയ നടത്തിയതിനു പിന്നാലെയാണു ട്രംപ് ഭരണകൂടം പുതിയ മുന്നറിയിപ്പു നൽകിയത്. യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിൽ സംസാരിക്കവെ യുഎസ് അംബാസഡർ നിക്കി ഹാലെയാണ് നിലപാടു വ്യക്തമാക്കിയത്.

ഉത്തര കൊറിയയുടെ ബാലിസ്റ്റിക്, ആണവായുധ പദ്ധതികളെ എങ്ങനെ നേരിടണമെന്നതു സംബന്ധിച്ച് ആലോചനകൾ നടക്കുകയാണെന്നും സൈനിക നടപടി ഉൾപ്പെടെയുള്ളവ പരിഗണിക്കുന്നുണ്ടെങ്കിലും നയതന്ത്ര വഴിയിലൂടെയുള്ള പരിഹാരത്തിനാണു ശ്രമിക്കുന്നതെന്നും ട്രംപ് ഭരണകൂടം പലയാവർത്തി വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തര കൊറിയയുമായുള്ള യുദ്ധം ഒരിക്കലും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ, യുദ്ധമുണ്ടായാൽ അത് കഴിഞ്ഞ ദിവസത്തെപ്പോലുള്ള പ്രകോപനങ്ങൾ മൂലമായിരിക്കും. യുദ്ധമുണ്ടാകുകയാണെങ്കിൽ ഉത്തര കൊറിയൻ ഭരണകൂടത്തെ നിശേഷം തകർത്തുകളയും. ഉത്തര കൊറിയയ്ക്ക് ഇപ്പോഴും പ്രധാനപ്പെട്ട സഹായം നൽകുന്നതു ചൈനയാണ്. ഈ സാഹചര്യത്തിൽ അങ്ങോട്ടുള്ള എണ്ണ വിതരണം അവസാനിപ്പിക്കണമെന്നു ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ അതു നിർത്തലാക്കാൻ ചൈന തയാറായിട്ടില്ലെന്നും ഹാലെ ചൂണ്ടിക്കാട്ടി.

ബുധനാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ ടെലിഫോൺ വഴി സംസാരിച്ചിരുന്നു. ഉത്തര കൊറിയയിൽനിന്നുള്ള പ്രകോപനമാണു ചർച്ചയായത്. ഉത്തര കൊറിയയ്ക്കുമേൽ ഇനിയും ഉപരോധം ഏർപ്പെടുത്തണമെന്നും സാഹചര്യത്തെ നേരിടണമെന്നും ചിൻപിങ്ങിനോടു സംസാരിച്ചതായി ട്രംപ് ട്വിറ്ററിൽ കുറിച്ചു. അണ്വായുധം നിർമിക്കുന്നതിൽനിന്ന് ഉത്തര കൊറിയയെ തടയാൻ മുൻ യുഎസ് ഭരണകൂടത്തിനു കഴിഞ്ഞില്ല. ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതും മറ്റും ഉപയോഗിച്ച് സമ്മർദ്ദത്തിലാക്കി അണ്വായുധ, മിസൈൽ പദ്ധതികളിൽനിന്ന് കിം ജോങ് ഉന്നിനെ പിന്തിരിപ്പിക്കണമെന്നാണ് യുഎസ് ചൈനയോട് ആവശ്യപ്പെട്ടത്.