ചുഴലി, വലിയ തിരമാല; മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഇൻകോയിസ്‍

തിരുവനന്തപുരം ∙ കേരളാതീരത്ത് ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി അറിയിച്ചിരുന്നതായി ഹൈദരാബാദിലെ ദേശീയ സമുദ്ര വിജ്ഞാന സേവനകേന്ദ്രം (ഇന്‍കോയിസ്). നവംബര്‍ 27 മുതൽ തുടർച്ചയായി ന്യൂനമര്‍ദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കിയിരുന്നെന്നാണു വെളിപ്പെടുത്തൽ.

നവംബര്‍ 27ന് ന്യൂനമര്‍ദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കി. 28ന് രാവിലെ, കടല്‍പ്രക്ഷുബ്ധമാകാനും 2.5 മുതല്‍ 3.1 മീറ്റര്‍വരെ (ഏട്ട് അടി മുതല്‍ പത്ത് അടിവരെ) പൊക്കത്തിലുള്ള തിരമാലകള്‍ രൂപപ്പെടാനും ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് അറിയിച്ചു. വൈകിട്ടും മുന്നറിയിപ്പ് കൈമാറി. 29ന് ഉച്ചയ്ക്ക് 2.30ന് ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപമാറ്റം വരാനുള്ള സാധ്യത വ്യക്തമാക്കി സന്ദേശം നല്‍കിയിരുന്നതായും ഇന്‍കോയിസ് അധികൃതര്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു.

‘കാലാവസ്ഥ മോശമാണ്, ശക്തമായ കാറ്റും മൂന്നു മീറ്ററില്‍ കൂടുതല്‍ പൊക്കത്തില്‍ തിരമാല ഉണ്ടാകാനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്നു ഇന്‍കോയിസും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചിരുന്നു. കൃത്യമായ സന്ദേശമാണ് രേഖാമൂലം കൈമാറിയത്. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനിടയായ സാഹചര്യത്തെക്കുറിച്ച് അറിയില്ല’- ഇന്‍കോയിസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞു.

മൂന്നുമീറ്ററിനു മുകളില്‍ പൊക്കമുള്ള തിരമാലകളുണ്ടെങ്കില്‍ സ്ഥിതി അപകടകരമാണ്. കടലില്‍ പോകാന്‍ പാടില്ല. ഇന്‍കോയിസിന്റെ മുന്നറിയിപ്പുകള്‍ തമിഴ്നാട് കൃത്യമായി പാലിച്ചതായും അധികൃതര്‍ പറയുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഇടപെടലുകളെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്‍കോയിസ് അധികൃതര്‍ തയാറായില്ല.

മൽസ്യത്തൊഴിലാളികള്‍ക്കു സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ഒക്ടോബര്‍ 24ന് ഫിഷറീസ് വകുപ്പുമായി ഇന്‍കോയിസ് ധാരണാപത്രം ഒപ്പുവച്ചിരുന്നു. സാഗര്‍വാണി സംവിധാനത്തിലൂടെ എല്ലാ മൽസ്യത്തൊഴിലാളികള്‍ക്കും മലയാളത്തിലുൾപ്പെടെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

‘ഇപ്പോള്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ മലയാളത്തില്‍ നല്‍കുന്നുണ്ട്. അത് കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്’ -ഇന്‍കോയിസ് വ്യക്തമാക്കി. കേരളത്തില്‍നിന്ന് 480 മൽസ്യത്തൊഴിലാളികള്‍ മാത്രമാണ് ഇന്‍കോയിസിന്റെ സുരക്ഷാ സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇത് വളരെ ചെറിയ സംഖ്യയാണ്. കേരളത്തിലെ മൽസ്യത്തൊഴിലാളി സമൂഹത്തില്‍ ആകെ പത്തുലക്ഷംപേരുണ്ടെന്നാണു ഫിഷറീസ് വകുപ്പിന്റെ കണക്ക്. ഇതില്‍ കടലോര മേഖലയില്‍ താമസിക്കുന്നവര്‍ 7.71 ലക്ഷം. കടലിലെ മൽസ്യബന്ധനജോലികളില്‍ സജീവമായി പങ്കെടുക്കുന്ന 1.87 ലക്ഷം പേരുണ്ട്.