2017ലെ വാര്‍ത്താതാരം: മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ അഭിപ്രായവോട്ടെടുപ്പിനു തുടക്കം

2017ലെ വാര്‍ത്താതാരത്തെ കണ്ടെത്താനുള്ള മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2017 അഭിപ്രായവോട്ടെടുപ്പ് ആരംഭിച്ചു. എംആര്‍എഫ് – വേപോക്യോര്‍ പെയിന്‍റ്സുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന ന്യൂസ്മേക്കറിന്‍റെ പ്രാഥമികപട്ടികയില്‍ പത്തുപേരാണ് ഉള്ളത്. ഈവർഷം വാർത്തകളിൽ നിറഞ്ഞുനിന്ന ഒട്ടേറെ വ്യക്തികളിൽനിന്നു മനോരമ ന്യൂസ് എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുത്ത 10 വ്യക്തികള്‍. ഇംഗ്ലീഷ് അക്ഷരമാലക്രമത്തിലാണ് ഈ പേരുകൾ അവതരിപ്പിച്ചിരിക്കുന്നത്.

A. നരേന്ദ്രമോദി മന്ത്രിസഭയിലെ ഏക മലയാളി, അല്‍ഫോൺസ് കണ്ണന്താനം

B. തോമസ് ചാണ്ടിയുടെ കസേരതെറിപ്പിക്കാനിടയാക്കിയ അന്വേഷണറിപ്പോര്‍ട്ട് തയാറാക്കിയ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി. അനുപമ

C. കൊച്ചി മെട്രോയെ ട്രാക്കിലിറക്കിയ കെഎംആര്‍എല്‍ മുന്‍ എംഡി ഏലിയാസ് ജോര്‍ജ്

D. ഇടതുപക്ഷ നിലപാടുകള്‍ക്കായി മുന്നണിക്കകത്തും പുറത്തും കൊടിപിടിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

E. ഗോവ രാജ്യാന്തര ചലചിത്രമേളയില്‍ മികച്ച നടിക്കുള്ള രജതമയൂരം നേടിയ നടി പാര്‍വതി

F. അട്ടിമറിയിലൂടെ ദേശീയ ബാഡ്മിന്‍റൻ ചാംപ്യനായ മലയാളി എച്ച്.എസ്. പ്രണോയ്

G. നിയമപോരാട്ടത്തിലൂടെ പൊലീസ് മേധാവിസ്ഥാനം തിരിച്ചുപിടിച്ച ടി.പി. സെന്‍കുമാര്‍

H. കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത മുന്‍ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍

I. ഭീകരരുടെ തടവില്‍നിന്ന് ഒന്നരവര്‍ഷത്തിനുശേഷം മോചിതനായ ഫാ. ടോം ഉഴുന്നാലില്‍

J. മലയാള സിനിമയിലെ പുരുഷമേധാവിത്വത്തിനെതിരെ കലാപമുയര്‍ത്തിയ സംഘടന വിമൻ ഇന്‍ സിനിമ കലക്ടീവ്.

ഒരാഴ്ച നീളുന്ന വോട്ടെടുപ്പിൽ മുന്നിലെത്തുന്ന നാലുപേരാണു ഫൈനല്‍ റൗണ്ടിൽകടക്കുക. മനോരമ ന്യൂസ് വെബ്സൈറ്റിലൂടെ, അല്ലെങ്കിൽ എസ്എംഎസിലൂടെയാണു വോട്ട് ചെയ്യേണ്ടത്.

എസ്എംഎസ് വോട്ടിങ്

NM സ്പേസ് A അല്ലെങ്കിൽ B അല്ലെങ്കിൽ C.... എന്ന് കോഡ് രേഖപ്പെടുത്തി 56767123 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. ഇന്ത്യയിൽ നിന്നുള്ളവർക്കു മാത്രമായിരിക്കും എസ്എംഎസ് വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവസരം.

ന്യൂസ് വെബ്സൈറ്റിലൂടെ വോട്ട് ചെയ്യുന്നതിന് www.manoramanews.com/newsmaker സന്ദർശിക്കുക.