ട്രംപിന് ആശ്വസിക്കാം; യാത്രാ വിലക്കിന് സുപ്രീംകോടതിയുടെ അംഗീകാരം

വാഷിങ്ടൻ∙ സുരക്ഷാഭീഷണിയുടെ പേരിൽ ആറു രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാനിരോധനത്തിനു സുപ്രീംകോടതി അംഗീകാരം. ഇതോടെ നിരോധനം പ്രാബല്യത്തിലാക്കാനുള്ള പ്രധാന കടമ്പകളിലൊന്ന് മറികടന്നു. ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍, ചഡ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാണ് നിരോധനമേർപ്പെടുത്തിയിരുന്നത്.

ഒന്‍പത് ജഡ്ജിമാരുടെ പാനലില്‍ ഏഴുപേര്‍ യാത്രാനിരോധനത്തിനു കീഴ്ക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം റദ്ദാക്കി. എന്നാല്‍ രണ്ടുപേര്‍ നിയന്ത്രണം തുടരണം എന്ന അഭിപ്രായക്കാരായിരുന്നു. എന്നാല്‍ നിരോധനം പ്രാവര്‍ത്തികമാക്കാന്‍ നിയമത്തിന്‍റെ കടമ്പകള്‍ ഇനിയുമുണ്ട്. അമേരിക്കയിലെ നാലു ഫെഡറല്‍ കോടതികള്‍ യാത്രാനിരോധനത്തിനെതിരായുള്ള ഹര്‍ജിയില്‍ ഇനിയും വിധി പറഞ്ഞിട്ടില്ല.

കഴിഞ്ഞ ജനുവരി 27നാണ് ഏഴു മുസ്‌ലിം രാജ്യങ്ങളിലെ പൗരൻമാർക്കും അഭയാർഥികൾക്കും യാത്രാവിലക്കേർപ്പെടുത്തി ട്രംപിന്റെ ആദ്യ ഉത്തരവിറങ്ങിയത്. വിവിധ ഫെഡറൽ കോടതികൾ ഇതു തടഞ്ഞതിനെ തുടർന്നു ട്രംപ്, ഇറാഖിനെ ഒഴിവാക്കി മാർച്ചിൽ പുതിയ ഉത്തരവിറക്കി. ട്രംപിന്റെ ഉത്തരവ് ഭാഗികമായി നടപ്പിലാക്കാൻ സുപ്രീം കോടതി ജൂലൈയിൽ അനുമതി നൽകിയിരുന്നു. ഇതിനുപിന്നാലെ ഉത്തര കൊറിയ, മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡ്, തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേല എന്നിവയ്ക്കും ട്രംപ് നിരോധനമേർപ്പെടുത്തിയിരുന്നു.