കുഞ്ഞുരാജകുമാരനു നേരെയും ഐഎസ്; സ്കൂൾ വിവരങ്ങൾ കൈമാറിയ ആൾ പിടിയിൽ

ജോർജ് രാജകുമാരൻ.

ലണ്ടൻ∙ ബ്രിട്ടന്റെ മൂന്നാം തലമുറ കിരീടാവകാശിയായ ജോർജ് രാജകുമാരനെപ്പറ്റിയുള്ള വിവരങ്ങൾ ഓൺലൈനിലൂടെ രഹസ്യമായി കൈമാറിയ ആൾക്കെതിരെ നടപടി. നാലുവയസ്സുകാരനായ ജോർജിന്റെ വിവരങ്ങൾ ഓൺലൈൻ മെസേജിങ് ആപ്പ് ആയ ‘ടെലഗ്രാമി’ലൂടെയാണു കൈമാറിയത്. സന്ദേശമയച്ച മുപ്പത്തിയൊന്നുകാരൻ ഹുസ്നൈൻ റാഷിദിനെതിരെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി ഭീകവാദ കുറ്റം ചുമത്തി. 

നേരത്തേ, ഐഎസിന്റെ പുതിയ ഹിറ്റ്‌ലിസ്റ്റിൽ ജോർജ് രാജകുമാരനെയും ഉൾപ്പെടുത്തിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) പ്രചരിപ്പിച്ചിരുന്നു. വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡ്ൽടണിന്റെയും മകനായ ജോർജിന്റെ ചിത്രവും ലണ്ടനിലെ കുട്ടിയുടെ സ്കൂൾ വിലാസവുമാണ് റാഷിദ് രഹസ്യകേന്ദ്രത്തിലേക്ക് അയച്ചത്.

ടെലഗ്രാമിലൂടെ അയയ്ക്കുന്ന സന്ദേശങ്ങളെല്ലാം എൻക്രിപ്റ്റ് ചെയ്യപ്പെടും. അയയ്ക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും ഇടയിൽ ഒരാൾക്ക് ആ സന്ദേശം ചോർത്തി വായിച്ചെടുക്കാനാകില്ല. ഇക്കഴിഞ്ഞ നവംബർ 22നാണ് ലങ്കാഷയറിൽ വച്ച് റാഷിദ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഐഎസിൽ ചേരുന്നതിനു വേണ്ടി ഇയാൾ സിറിയയിലേക്കു കടക്കാനൊരുങ്ങും മുൻപാണു പിടിയിലായതെന്നു പ്രോസിക്യൂഷൻ വാദിച്ചു. 

തോക്കേന്തിയ ഭീകരന്റെ നിഴൽ ചിത്രത്തിനൊപ്പം ജോർജ് രാജകുമാരനെയും ചേർത്തുള്ള ഫോട്ടോ ആശങ്കയുളവാക്കുന്നതാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ‘സ്കൂൾ നേരത്തെ തുടങ്ങും’ എന്ന സന്ദേശവും ഒപ്പം സ്കൂളിന്റെ വിലാസവും സന്ദേശത്തിൽ ചേർത്തിട്ടുണ്ട്. രാജകുടുംബത്തെപ്പോലും വെറുതെവിടില്ലെന്ന ഭീഷണിയും ഫോട്ടോയോടൊപ്പമുണ്ട്.

ഭീകരർക്ക് സന്ദേശങ്ങൾ കൈമാറുന്ന ശൃംഖലയിലെ ഒരു കണ്ണിയാണ് റാഷിദെന്ന് അന്വേഷണവിഭാഗം പറയുന്നു. ആക്രമണത്തിനു മുന്നോടിയായി ഭീകരർക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളുടെയും വിവരങ്ങൾ ഇത്തരത്തിൽ സന്ദേശങ്ങളിലൂടെയാണ് അറിയിക്കുന്നത്. യുകെയിലെ എല്ലാ സ്റ്റേഡിയങ്ങളുടെയും വിവരങ്ങളും റാഷിദ് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. റാഷിദിനെ ഡിസംബർ 20 വരെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.