സിപിഎം കുടിയിറക്കിയ ദലിത് കുടുംബത്തിന് സിപിഐ അഭയമേകും

തൊടുപുഴ∙ കുമളി മുരുക്കടിയില്‍ സിപിഎം കുടിയിറക്കിയ ദലിത് കുടുംബത്തിനു സിപിഐ അഭയമേകും. സിപിഎം പാര്‍ട്ടി ഓഫിസാക്കിയ വീടു വീണ്ടെടുക്കുന്നതുവരെ കുടുംബത്തെ വാടകവീട്ടില്‍ താമസിപ്പിക്കാനാണു സിപിഐ നേതൃത്വത്തിന്റെ തീരുമാനം. സംഭവം വിവാദമായതോടെ കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം നേതൃത്വവും നടപടികള്‍ ഊര്‍ജിതമാക്കി.

വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വിട്ടുനല്‍കാതെയാണു മാരിയപ്പനെയും കുടുംബത്തെയും സ്വന്തം വീട്ടില്‍നിന്നു സിപിഎമ്മുകാര്‍ ആട്ടി ഇറക്കിയത്. സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരുക്കേറ്റ മാരിയപ്പനും കുടുംബത്തിനും ആശുപത്രി വിട്ടാല്‍ പോകാന്‍ മറ്റൊരിടമില്ല. ഈ സാഹചര്യത്തിലാണു സിപിഐ പ്രാദേശിക നേതൃത്വം കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്തത്. കുമളി ടൗണില്‍ ഒരു വാടക വീടും പാര്‍ട്ടി നേതൃത്വം തരപ്പെടുത്തി. ബുധനാഴ്ച വൈകിട്ടാണു മൂന്നു വയസ് പ്രായമുള്ള രണ്ട് പെണ്‍മക്കള്‍ അടങ്ങുന്ന മാരിയപ്പന്റെ കുടുംബത്തെ ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവിന്റെ നേതൃത്വത്തില്‍ ഇറക്കിവിട്ടത്.

വീടിനെ ചൊല്ലി മാരിയപ്പനും ബന്ധു മുഹമ്മദ് സല്‍മാനും തമ്മിലുള്ള തര്‍ക്കത്തിലായിരുന്നു സിപിഎമ്മിന്റെ ഇടപെടല്‍. മാരിയപ്പനെയും കുടുംബത്തെയും ഇറക്കിവിടരുതെന്ന കോടതി ഉത്തരവ് ലംഘിച്ചിട്ടും കുമളി പൊലീസ് വിഷയത്തില്‍ ഇടപ്പെട്ടില്ല. എസ്‌സി / എസ്ടി കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണു കേസെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യേണ്ടെന്നാണു തീരുമാനം. പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ പൊലീസ് തന്നെ സിപിഎം നേതൃത്വത്തിന് ഉപദേശം നല്‍കിയിട്ടുണ്ട്.

അന്വേഷണത്തിനായി കോടതി നിയോഗിച്ച കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും സിപിഎം നേതാക്കള്‍ ശ്രമം നടത്തി. കമ്മിഷന്‍ എത്തുന്നതിനു മുമ്പ് പാര്‍ട്ടി ഓഫിസെന്ന ബോര്‍ഡ് നീക്കം ചെയ്തു. കോടതിയലക്ഷ്യത്തിനുള്ള കേസില്‍നിന്നു രക്ഷപ്പെടുകയാണു നേതാക്കളുടെ ലക്ഷ്യം. കൊട്ടാക്കമ്പൂര്‍ വിഷയത്തില്‍ സിപിഐയെ കടന്നാക്രമിച്ച സിപിഎമ്മിനോടു വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണു സിപിഐ ജില്ലാ നേതൃത്വവും.

എനിക്കൊന്നുമറിയില്ല, ജില്ലാ സെക്രട്ടറിയോടു ചോദിക്കൂ: എം.എം. മണി

കുമളിയില്‍ ദലിത് കുടുംബത്തെ വീട്ടില്‍നിന്ന് ഇറക്കി വിട്ടതു പാര്‍ട്ടി അറിവോടെയായിരിക്കില്ലെന്നു മന്ത്രി എം.എം. മണി പ്രതികരിച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും അറിയണമെങ്കില്‍ ജില്ലാ സെക്രട്ടറിയോടു ചോദിക്കണം. തനിക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും മണി കൂട്ടിച്ചേർത്തു.