ഇസ്രയേൽ തലസ്ഥാനം: യുഎസ് തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി∙ ഇസ്രയേൽ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച യുഎസ് തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ. പലസ്തീൻ വിഷയത്തിൽ സ്വതന്ത്ര നിലപാട് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. വിഷയത്തിൽ യുഎസിനെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടനും നിലപാടെടുത്തിരുന്നു.

ഇന്ത്യയുടെ പ്രതികരണം തേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചപ്പോഴായിരുന്നു നിലപാട് പ്രഖ്യാപനം. ‘പലസ്തീന്‍ വിഷയത്തിൽ ഇന്ത്യ സ്വതന്ത്രവും സ്ഥിരതയുമാർന്ന നിലപാടാണ് എടുത്തിട്ടുള്ളത്. നമ്മുടെ വീക്ഷണങ്ങളും താൽപര്യങ്ങളുമാണ് ഇതിനാധാരം. അതിൽ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാനാവില്ല’– വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. 

ഇസ്രയേൽ ബന്ധത്തിൽ സുപ്രധാന നയംമാറ്റമാണ്, തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടപ്പാക്കിയത്. ജറുസലമിനെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യരാജ്യമാണ് യുഎസ്. ഇസ്‍ലാം, ക്രിസ്ത്യൻ, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമായ ജറുസലമിന്റെ പദവിയെക്കുറിച്ച് നിലവിൽ തർക്കമുണ്ട്.