മൈസൂരു രാജകുടുംബത്തിൽ പുതിയ അതിഥി; 400 വർഷത്തെ ‘ശാപത്തിന്’ അന്ത്യം

മൈസൂർ പാലസ് (ഫയൽ ചിത്രം)

മൈസൂരു∙ നാനൂറിലേറെ വർഷം മുൻപത്തെ ശാപകഥയ്ക്കു വിരാമമായി മൈസൂരു രാജകുടുംബത്തിലേക്ക് പുതിയ അതിഥി. മൈസൂരു രാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർക്കും വധു രാജസ്ഥാൻ സ്വദേശിനി ത്രിഷിക കുമാരിയ്ക്കും ആൺകുഞ്ഞു പിറന്നു. ബെംഗളൂരുവിൽ ബുധനാഴ്ച രാത്രിയോടെയായിരുന്നു കുഞ്ഞിന്റെ ജനനം. മൈസൂരുവിൽ ദസറ ആഘോഷങ്ങൾക്കു ശേഷം യദുവീറും ത്രിഷികയും ബെംഗളൂരുവിലായിരുന്നു താമസം.

2016 ജൂണിലായിരുന്നു യദുവീറിന്റെയും ത്രിഷികയുടെയും വിവാഹം. അന്തരിച്ച മൈസൂരു രാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറിന്റെ സഹോദരി ഗായത്രിദേവിയുടെ മകൾ ത്രിപുര സുന്ദരിയുടേയും സ്വരൂപ് ആനന്ദ്്‍രാജ് അർസിന്റെയും മകനാണ് യദുവീർ.

യുഎസിലെ ബോസ്റ്റൺ സർവകലാശാലയിൽ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാർഥിയായ യദുവീർ ഗോപാൽരാജ് അർസിനെ 2015 ഫെബ്രുവരിയിൽ പ്രമോദ ദേവി ദത്തെടുക്കുകയും ‌യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ എന്നു പുനർനാമകരണം നടത്തുകയുമായിരുന്നു. 2013ൽ ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാറിന്റെ മരണത്തെത്തുടർന്നായിരുന്നു ഇത്.

1610ൽ മൈസൂർ ഭരണാധികാരിയായിരുന്ന രാജാ വൊഡയാറിനെ റാണി അലമേലമ്മ ശപിച്ചതിനെത്തുടർന്നാണ് ഈ വംശത്തിലെ മിക്ക രാജാക്കന്മാർക്കും മക്കളുണ്ടാകാത്തതെന്നാണ് ഐതിഹ്യം. അലമേലമ്മയുടെ കൈവശമുണ്ടായിരുന്ന കൊട്ടാരംവക സ്വർണാഭരണങ്ങൾ രാജാ വൊഡയാർ ബലം പ്രയോഗിച്ചു വാങ്ങിയതിനെത്തുടർന്ന് ഇവർ കാവേരിയിൽ ചാടി മരിച്ചതായാണു കഥ. മരിക്കുംമുൻപ് അവർ ഇങ്ങനെ ശപിച്ചു: തലക്കാടു മരളാവട്ട് (തലക്കാട് മണലാവട്ടെ), മൈസൂരു ദൊരെഗളികെ മക്കളാകതേ ഹോഗലീ (മൈസൂർ രാജാക്കന്മാർക്കു മക്കളുണ്ടാകാതിരിക്കട്ടെ).

ഈ ശാപത്തെത്തുടർന്നാണ് ഒന്നിടവിട്ട തലമുറകളിൽ പ്രത്യേകിച്ച് അനന്തരാവകാശികൾ ഇല്ലാത്തതെന്നാണു കഥ. അലമേലമ്മയുടെ ശാപം തീരാൻ രാജാ വൊഡയാർ മൈസൂരുവിൽ വിഗ്രഹം സ്ഥാപിച്ചിട്ടു പോലും ഫലം കണ്ടില്ല. ശാപം മാറ്റാൻ പ്രത്യേക പൂജകൾ വരെ ഓരോ തലമുറയും അനുഷ്ഠിച്ചു പോന്നിരുന്നു.