‘അതൊരു ‘പതിവു’ സർജിക്കൽ സ്ട്രൈക്ക് മാത്രം, പക്ഷേ അത്രയും ശക്തമായത് ഇതാദ്യം’

Representative Image

ചണ്ഡിഗഢ്∙ അതിർത്തി കടന്ന് പാക്കിസ്ഥാനിലെ ഭീകര ക്യാംപുകൾ തകർത്ത ഇന്ത്യൻ സേനയുടെ സർജിക്കൽ സ്ട്രൈക്കിന്റെ കൂടുതൽ വിവരങ്ങളുമായി സ്പെഷൽ ഫോഴ്സ് അംഗം. മിന്നലാക്രമണത്തിന് ആകെ ലഭിച്ചത് 10 ദിവസമാണ്. സ്പെഷൽ ഫോഴ്സിനെ സംബന്ധിച്ച് 2016ലെ സർജിക്കൽ സ്ട്രൈക്ക് മറ്റൊരു ‘ഓപറേഷൻ’ മാത്രമായിരുന്നു. എന്നാൽ അന്ന് വൻതോതിലുള്ള ആക്രമണമാണു പദ്ധതിയിട്ടത്. അത് അപൂർവമാണെന്നും പാരാട്രൂപ്പർ ഫോഴ്സ് അംഗം വ്യക്തമാക്കി. ക്യാപ്റ്റൻ റാങ്കിലുള്ള ഇദ്ദേഹം മിലിട്ടറി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു.

പാക്കിസ്ഥാന് ഒരു ‘സന്ദേശം’ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സർജിക്കൽ സ്ട്രൈക്ക് പദ്ധതി തയാറാക്കിയത്. അതാകട്ടെ ഇന്ത്യൻ സേന ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കുകയും ചെയ്തു. പാക്ക് അധീന കശ്മീരിൽ ഭീകരരുടെ സാന്നിധ്യമുള്ള ഏഴിടങ്ങളിലായിരുന്നു ഇന്ത്യൻ സേനയുടെ മിന്നലാക്രമണം. ഇന്ത്യയിലേക്കു നുഴഞ്ഞു കയറാനായി ഭീകരർ പദ്ധതിയിടുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഇത്.

സെപ്റ്റംബർ 28നും 29നും രാത്രിയിൽ നടത്തിയ ആക്രമണത്തിൽ ഒട്ടേറെ ഭീകരർ കൊല്ലപ്പെടുകയും ചെയ്തു. ജമ്മുവിലെ ഉറിയിൽ സൈനിക ക്യാംപിനു നേരെ നടന്ന ആക്രമണത്തിൽ 19 ജവാന്മാർ കൊല്ലപ്പെട്ടതിനു രണ്ടാഴ്ച തികയും മുൻപേയായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

സർജിക്കൽ സ്ട്രൈക്കിനുള്ള പദ്ധതി തയാറാക്കാനും ഒരുക്കങ്ങൾക്കും 10 ദിവസം മാത്രമാണു ലഭിച്ചതെന്ന് പാരാട്രൂപ്പർ ഫോഴ്സ് അംഗം പറയുന്നു. വൻതോതിലുള്ള ആക്രമണമാണു ലക്ഷ്യമിട്ടത്. അതിനാൽത്തന്നെ പാക്കിസ്ഥാനിലെ ഭീകരർക്കു നേരെ ആഞ്ഞടിക്കുകയായിരുന്നു. മറ്റേതൊരു സർജിക്കൽ സ്ട്രൈക്കിനേക്കാളും കൂടുതൽ നാശനഷ്ടങ്ങളും അത് ഭീകരർക്കുണ്ടാക്കിയെന്നും സൈനികൻ പറഞ്ഞു.

അനുമതി ലഭിച്ചയുടനെ ആക്രമണത്തിനു തയാറെടുപ്പു തുടങ്ങി. എന്നാൽ എല്ലാം അതീവരഹസ്യമായിട്ടായിരുന്നു. സമീപത്തെ മറ്റു സൈനിക യൂണിറ്റുകളെ പോലും അറിയിച്ചില്ല. ഏറ്റവും പ്രധാന കാര്യം ഭീകരരുടെ ഒളിത്താവളത്തെപ്പറ്റി അറിയുക എന്നതായിരുന്നു. ഭീകരരുടെ താവളത്തിനടുത്തെത്തി കാത്തിരുന്നു.

പാരാട്രൂപ്പർ വിഭാഗത്തിന് മൂന്നു ലക്ഷ്യങ്ങളായിരുന്നു. നാലാം പാരാട്രൂപ്പർ ഫോഴ്സ് രണ്ടു ഭീകരകേന്ദ്രങ്ങളെയും ഒൻപതാമത് ഫോഴ്സ്  മൂന്നാം കേന്ദ്രത്തെയും ലക്ഷ്യം വച്ചു. ഒരേ സമയം മൂന്നിടത്ത് ആക്രമണമെന്നതായിരുന്നു തങ്ങളുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

സർജിക്കൽ സ്ട്രൈക്കിനു ശേഷം ജീവിതത്തിൽ എന്തു മാറ്റമുണ്ടായെന്ന ചോദ്യത്തിന് ‘മാറ്റങ്ങളൊന്നുമില്ല’ എന്നായിരുന്നു മറുപടി. സൈന്യത്തിൽ മികച്ച സൗകര്യങ്ങളാണ് ഇപ്പോഴുള്ളതെന്നും ചെറുപ്പക്കാരോട് സൈന്യത്തിൽ ചേരാനും ആഹ്വാനം ചെയ്തു അദ്ദേഹം. ഇതാദ്യമായാണ് മിലിട്ടറി ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.