ജില്ലാ കമ്മിറ്റികൾക്ക് ഇടതു ലയനത്തിന് എതിർപ്പ്: വീരേന്ദ്രകുമാറിന് വീണ്ടും തിരിച്ചടി

കോഴിക്കോട്∙ ഇടതുപക്ഷത്തേക്കു ചേക്കാറാന്‍ ഒരുങ്ങുന്ന എം.പി. വീരേന്ദ്രകുമാറിന്‍റെ നീക്കത്തിനു വീണ്ടും തിരിച്ചടി. യുഡിഎഫ് വിടില്ലെന്നു പ്രഖ്യാപിച്ച കോഴിക്കോട്, കണ്ണൂര്‍ ഘടകങ്ങള്‍ക്കു പിന്തുണയുമായി ആറ് ജില്ലാ കമ്മറ്റികള്‍ കൂടി രംഗത്തെത്തി. ഇതോടെ 17നു ചേരുന്ന സംസ്ഥാന സമിതി യോഗം പാര്‍ട്ടിക്ക് ഏറെ നിര്‍ണായകമായി.

യുഡിഎഫിലെ അതൃപ്തി തുറന്നു പറഞ്ഞെങ്കിലും ഇടതുമുന്നണിയിലേക്കു പോകാന്‍ വീരേന്ദ്രകുമാറിന് എളുപ്പമല്ലെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. കോഴിക്കോട്, കണ്ണൂര്‍ ജില്ലാ ഘടകങ്ങള്‍ മാത്രമായിരുന്നു ഇതുവരെ യുഡിഎഫ് വിടുന്നതിനെ എതിര്‍ത്തതെങ്കില്‍ ഇപ്പോള്‍ കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലാ കമ്മറ്റികള്‍ കൂടി എല്‍ഡിഎഫ് പ്രവേശനത്തെ എതിര്‍ത്തു രംഗത്തെത്തി. ഈ മാസം 17നു ചേരുന്ന സംസ്ഥാന സമിതിയോഗത്തില്‍ ജില്ലാകമ്മറ്റികള്‍ നിലപാടു വ്യക്തമാക്കും.

ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍, ജില്ലാ പ്രസിഡന്‍റുമാര്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരാണു യോഗത്തില്‍ പങ്കെടുക്കുക. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ വര്‍ഗീസ് ജോര്‍ജും കെ.പി. മോഹനനും മുന്നണി വിടില്ലെന്ന് ഉറപ്പു നല്‍കിയിരുന്നു. അതിനിടെ, ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മറുഭാഗത്ത് അനുനയ ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്.