‘ഓഖി’ ബാധിതർക്ക് ഒരു മാസത്തെ ശമ്പളം നൽകി ഗവർണറും രാജ് ഭവൻ ജീവനക്കാരും

തിരുവനന്തപുരം ∙ ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് കേരള ഗവര്‍ണർ ജസ്റ്റിസ് പി.സദാശിവം. സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന ഓഖി ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഗവർണർ ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകുക. രാജ് ഭവനിലെ ജീവനക്കാരും അവരുടെ ഒരു ദിവസത്തെ ശമ്പളം ഈ ഫണ്ടിലേക്കു നല്‍കും.

ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവർക്കായി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തീരുമാനിച്ചിരുന്നു. ഇതിനു പുറമെ സ്റ്റാഫ് അംഗങ്ങളുടെ ഒരു ദിവസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ഓഫിസ് അറിയിച്ചത്.

ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) 15 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയനു കഴിഞ്ഞ ദിവസം കൈമാറി. ജോയിന്‍റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍ 8,15,750 രൂപയുടെ ചെക്കും, കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ അഞ്ചു ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രിക്ക് കൈമാറി. കേരള വനിതാ കമ്മിഷന്‍ 47,600 രൂപ മുഖ്യമന്ത്രിക്ക് കൈമാറി.