ജോസ് കെ.മാണിയെ ഉപാധ്യക്ഷൻ‌ ആക്കിയത് ഒഴിവു വന്നതിനാൽ: നേതൃമാറ്റത്തിനെതിരെ മോൻസ്

കോട്ടയം ∙ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കേരളാ കോൺഗ്രസ് (എം) സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ, പാർട്ടിയിൽ നേതൃമാറ്റം അംഗീകരിക്കില്ലെന്ന പ്രഖ്യാപനവുമായി പി.ജെ. ജോസഫ് വിഭാഗം. നേതൃപദവികള്‍ സംബന്ധിച്ചു ലയനസമയത്തു ധാരണയുണ്ടാക്കിയിട്ടുള്ളതാണെന്ന് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. അതു ലംഘിക്കാൻ കഴിയില്ല. വൈസ് ചെയര്‍മാന്‍ പദവിയിൽ ഒഴിവുവന്നതുകൊണ്ടു മാത്രമാണ് അവിടെ ജോസ് കെ.മാണിയെ നിയമിച്ചത്. അതിനപ്പുറമുള്ള നേതൃമാറ്റം പാര്‍ട്ടി ആലോച്ചിട്ടില്ലെന്നും മോന്‍സ് വ്യക്തമാക്കി.

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശത്തിന് ഉചിതമായ രീതിയില്‍ ചര്‍ച്ചകള്‍ നടക്കണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് ആരു മുന്‍കയ്യെടുക്കണമെന്നു യുഡിഎഫ് നേതൃത്വത്തിനു തീരുമാനിക്കാം. ഏതു മുന്നണിയില്‍ പോയാലും കൂടുതല്‍ നിയമസഭാ സീറ്റുകളും ലോക്സഭാ സീറ്റുകളും ആവശ്യപ്പെടും. യുഡിഎഫിലായാലും എല്‍ഡിഎഫിലായാലും കോട്ടയം ലോക്സഭാ സീറ്റില്‍ കേരള കോണ്‍ഗ്രസ് ജയിക്കുമെന്നും മോന്‍സ് ജോസഫ് അവകാശപ്പെട്ടു.

കേരള കോൺഗ്രസ് (എം) ഡിസംബർ 14 മുതൽ 16 വരെ കോട്ടയത്ത് നടത്തുന്ന സംസ്ഥാന സമ്മേളനത്തിൽ മുന്നണി പ്രവേശനം സംബന്ധിച്ചു തീരുമാനമെടുക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ തിടുക്കത്തിൽ ഒരു മുന്നണിയിലേക്കും പോകേണ്ടെന്നും പാർട്ടി കരുത്തു നേടാനുള്ള നടപടികളാണു വേണ്ടതെന്നുമാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. അങ്ങനെ വിലപേശൽ ശക്തിയായി മുന്നണിയിൽ പ്രവേശിക്കാമെന്നും അവർ അഭിപ്രായപ്പെടുന്നു.