ധരംശാലയിൽ ബാറ്റിങ് മറന്ന ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്കെതിരെ ഏഴു വിക്കറ്റ് തോൽവി

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ശ്രീലങ്കൻ താരങ്ങൾ.

ധരംശാല ∙ ദക്ഷിണാഫ്രിക്കയിലെ വേഗമേറിയ പിച്ചുകളിൽ മികവ് മാറ്റുരയ്ക്കാൻ തയാറെടുക്കുന്ന ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ധരംശാലയിലെ മൈതാനത്ത് ശ്രീലങ്കൻ ബോളർമാരുടെ ഷോക്ക് ട്രീറ്റ്മെന്റ്. തുടക്കത്തിലെ കൂട്ടത്തകർച്ചയ്ക്കുശേഷം മഹേന്ദ്രസിങ് ധോണിയുടെ അർധസെഞ്ചുറി മികവിൽ 113 റൺസെന്ന സാമാന്യം ഭേദപ്പെട്ട സ്കോറിലേക്കെത്തിയ ഇന്ത്യയെ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടക്കുമ്പോൾ ലങ്കൻ ഇന്നിങ്സിൽ ബാക്കിയായത് 176 പന്തുകൾ! ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ശ്രീലങ്ക 1–0ന് മുന്നിലെത്തി.

സ്കോർ: ഇന്ത്യ – 38.2 ഓവറിൽ 112. ശ്രീലങ്ക – 20.4 ഓവറിൽ മൂന്നിന് 114

ഐപിഎല്ലിലെ വിജയത്തിളക്കമുള്ള നായകമികവുമായി ആദ്യമായി രാജ്യാന്തര മൽസരത്തിൽ ഇന്ത്യയെ നയിച്ച രോഹിത് ശർമയുടെ തുടക്കവും ഇതോടെ നിരാശയുടേതായി. ഈ മൽസരത്തിലൂടെ ഏകദിന അരങ്ങേറ്റം കുറിച്ച പാതി മലയാളിയായ ശ്രേയസ് അയ്യർക്കും അരങ്ങേറ്റ മൽസരം കയ്പു നിറഞ്ഞതായി. 27 പന്തിൽ ഒൻപതു റൺസാണ് ശ്രേയസ് അയ്യരുടെ അരങ്ങേറ്റ മൽസരത്തിലെ സ്കോർ.

ശ്രീലങ്കയ്ക്കെതിരായ മൽസരത്തിനിടെ ഇന്ത്യൻ താരം മഹേന്ദ്രസിങ് ധോണി.

19 റൺസിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടപ്പെട്ട ശ്രീലങ്കയെ അർധസെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ ഓപ്പണർ ഉപുൽ തരംഗ (46 പന്തിൽ 49), ഏഞ്ചലോ മാത്യൂസ് (42 പന്തിൽ പുറത്താകാതെ 25), നിരോഷൻ ഡിക്ക്‌വല്ല (24 പന്തിൽ പുറത്താകാതെ 26) എന്നിവരാണ് അനായാസ ജയത്തിലേക്ക് നയിച്ചത്. ഗുണതിലക (11 പന്തിൽ ഒന്ന്), ലഹിരു തിരിമാന്നെ (മൂന്നു പന്തിൽ പൂജ്യം) എന്നിവരാണ് ലങ്കൻ നിരയിൽ പുറത്തായ മറ്റുള്ളവർ. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

തുടർച്ചയായി 12 മൽസരങ്ങൾ തോറ്റ് നാണക്കേടിന്റെ പടുകുഴിയിലേക്ക് പതിച്ചുകൊണ്ടിരുന്ന ശ്രീലങ്കയുടെ ആത്മവിശ്വാസമുയർത്തുന്നതായി ഈ വിജയം. 2011 ലോകകപ്പിനുശേഷം ഇതാദ്യമായാണ് ശ്രീലങ്ക ഇന്ത്യൻ മണ്ണിൽ ഒരു വിജയം നേടുന്നത്. ഇന്ത്യൻ മണ്ണിൽ ഇന്ത്യയെ തോൽപ്പിക്കുന്നതാകട്ടെ എട്ടു വർഷങ്ങൾക്കു ശേഷവും. വിശ്രമം അനുവദിക്കപ്പെട്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ അഭാവത്തിലാണെങ്കിൽക്കൂടി ഈ വിജയത്തിന് തിളക്കമൊട്ടും കുറയുന്നില്ല.

ഒറ്റയാൾ പോരാട്ടവുമായി ധോണി

ചീട്ടുകൊട്ടാരം പോലെ തകർന്ന് നാണക്കേടിന്റെ പടുകുഴിയിലേക്ക് പതിച്ചുകൊണ്ടിരുന്ന ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റിയ സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയുടെ ഇന്നിങ്സായിരുന്നു മൽസരത്തിന്റെ സവിശേഷത. അടുത്തകാലത്തായി ഇന്ത്യൻ ക്രിക്കറ്റിനെ ചൂഴ്ന്ന് നിൽക്കുന്ന, ‘എന്തുകൊണ്ട് ധോണി?’ എന്ന ചോദ്യത്തിന് സമുദ്രനിരപ്പിൽനിന്നും ഏറെ ഉയരത്തിലുള്ള ധരംശാലയിലെ മൈതാനം ഉത്തരം തന്നു. 29 റൺസിനിടെ ഏഴു വിക്കറ്റുകൾ നഷ്ടപ്പെടുത്തി ഏകദിന ചരിത്രത്തിലെ ഏറ്റവും കുഞ്ഞൻ സ്കോറെന്ന നാണക്കേടിന്റെ ‘റെക്കോർഡി’ലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യയെ ധോണിയെന്ന ‘വയസ്സൻ’ ചുമലിലേറ്റുന്ന കാഴ്ച ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ കണ്ടത്.

ഒരു ഘട്ടത്തിൽ 30ന് താഴെ ഒതുങ്ങുമെന്ന് കരുതിയ ഇന്ത്യയെ തകർപ്പൻ അർധസെഞ്ചുറിയുമായി 100 കടത്തിയതും ധോണിയുടെ ഇന്നിങ്സ് തന്നെ. 38.2 ഓവറിലാണ് ഇന്ത്യ 112 റൺസിന് ഓൾഔട്ടായത്. 87 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 65 റൺസെടുത്ത ധോണി ഏറ്റവും ഒടുവിലാണ് പുറത്തായത്.

തകർത്തെറിഞ്ഞ് ലങ്കൻ ബോളർമാർ

ടോസ് ലഭിച്ചതിന്റെ ആനുകൂല്യം മുതലെടുത്ത ശ്രീലങ്കൻ ബോളര്‍മാർ ഇന്ത്യൻ ബാറ്റിങ് നിരയെ കശക്കിയെറിയുകയായിരുന്നു. 10 ഓവറിൽ നാല് മെയ്ഡൻ ഉൾപ്പെടെ 13 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മലിന്റെ നേതൃത്വത്തിലായിരുന്നു ലങ്കൻ ആക്രമണം. ഫെർണാണ്ടോ രണ്ടും മാത്യൂസ്, പെരേര, ധനഞ്ജയ, പതിരണ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

25 പന്തിൽ 19 റൺസെടുത്ത കുൽദീപ് യാദവാണ് ധോണിക്കു ശേഷം ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ റൺെസടുത്തത്. നാലു ബൗണ്ടറികൾ അകമ്പടി ചാർത്തിയ ഈ ഇന്നിങ്സിനു പുറമെ ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത് കൃത്യം 10 റൺസെടുത്ത ഹാർദിക് പാണ്ഡ്യ മാത്രം. 10 പന്തിൽ രണ്ടു ബൗണ്ടറികൾ ഉൾപ്പെടെയാണ് പാണ്ഡ്യ 10 റൺസെടുത്തത്. ഇന്ത്യൻ നിരയിൽ അഞ്ചുപേർ സംപൂജ്യരായി. എട്ടാം വിക്കറ്റിൽ കുൽദീപിനൊപ്പം 41, ഒൻപതാം വിക്കറ്റിൽ ബുംറയ്ക്കൊപ്പം 17, അവസാന വിക്കറ്റിൽ ചാഹലിനൊപ്പം 25 എന്നിങ്ങനെ ധോണി പടുത്തുയർത്തിയ കൂട്ടുകെട്ടുകളാണ് ഇന്ത്യൻ സ്കോർ 100 കടത്തിയത്.