കുറിഞ്ഞി: നിയമസാധുതയുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്നു റവന്യുമന്ത്രി

മൂന്നാറിൽ മാധ്യമങ്ങളോടു സംസാരിക്കുന്ന റവന്യു, വനം, വൈദ്യുതി മന്ത്രിമാർ. ചിത്രം: അരവിന്ദ് ബാല

മൂന്നാർ∙ കുറിഞ്ഞി ഉദ്യാനത്തിൽനിന്നു നിയമസാധുതയുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്നു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ. മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സെറ്റില്‍മെന്റ് നടപടി പൂര്‍ത്തിയാക്കണം. ഉദ്യോഗസ്ഥരെ ജോലി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഇ. ചന്ദ്രശേഖരന്‍ അഭ്യർഥിച്ചു.

അതേസമയം, കുറിഞ്ഞിസങ്കേതം സന്ദര്‍ശിക്കുന്ന മന്ത്രിതലസംഘം കര്‍ഷകരുടെ ആശങ്ക പരിഹരിക്കണമെന്നു സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ ആവശ്യപ്പെട്ടു. മന്ത്രിമാരുടെ സന്ദര്‍ശനം തടസമില്ലാതെ പൂര്‍ത്തിയാക്കണം. സര്‍ക്കാര്‍ നിലപാടു കര്‍ഷകര്‍ക്ക് അനുകൂലമാണ്. സിപിഐ നിലപാടും ഇതാണ്. മാധ്യമങ്ങളെ പ്രദേശത്തുനിന്നു മാറ്റിനിര്‍ത്തരുതെന്നും കെ.കെ. ശിവരാമന്‍ പറഞ്ഞു.

അതേസമയം, കൊട്ടാക്കമ്പൂർ ഉൾപ്പെടെയുള്ള എല്ലാ സ്ഥലങ്ങളും സന്ദർശിക്കുമെന്നു വൈദ്യുതി മന്ത്രി എം.എം. മണി. മന്ത്രിതല സംഘം ആവശ്യമുള്ളിടത്തെല്ലാം പോകും. മാധ്യമങ്ങളെ തടയുന്നതിനോടു യോജിപ്പില്ല. എന്നാൽ അക്കാര്യത്തിൽ തീരുമാനമെടുക്കുന്നതു താനല്ലെന്നും മണി പറഞ്ഞു.

തര്‍ക്കം നിലനില്‍ക്കുന്ന മൂന്നാറിലെ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുന്നതിനാണു മന്ത്രിതല സംഘമെത്തിയത്. ഇപ്പോള്‍ റവന്യു, വനം, വൈദ്യുതി മന്ത്രിമാരാണു സന്ദർശനം നടത്തുന്നത്. മന്ത്രിമാരോടു നിലപാടറിയിക്കാന്‍ പ്രദേശത്തെ ജനങ്ങള്‍ തയാറെടുത്തിരിക്കുകയാണ്. ചൊവ്വാഴ്ച മൂന്നാറില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും. കൊട്ടാക്കമ്പൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണു മന്ത്രിസംഘം സന്ദര്‍ശിക്കുന്നത്.