ഓപ്പറേഷൻ ‘ഓൾ ഔട്ട്’; കശ്മീരിൽ ഭീകരവേട്ട ശക്തമാക്കി സൈന്യം, 5 ഭീകരരെ വധിച്ചു

ചിത്രം: എഎന്‍ഐ ട്വിറ്റർ

ശ്രീനഗർ∙ ഒാപ്പറേഷന്‍ ‘ഒാള്‍ ഔട്ടി’ന്‍റെ ഭാഗമായി കശ്മീരില്‍ ഭീകരവേട്ട ശക്തമാക്കി സൈന്യം. ബാരാമുള്ളയില്‍ രണ്ടും ഹദ്വാരയില്‍ മൂന്നും ഭീകരരെ സൈന്യം വധിച്ചു. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സാരമായ പരുക്കുകളോടെ ബാരാമുള്ളയില്‍ നിന്ന് ഒരു ഭീകരനെ സൈന്യം പിടികൂടി. തിരച്ചിലിനിറങ്ങിയ സൈനിക വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീകരര്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

റിപ്പബ്ലിക് ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈനിക നീക്കത്തിനു പിന്നാലെ സോപോർ, ബാരാമുള്ള, ഹന്ദ്വാര, കുപ്‍വാര എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.