നടിയുടെ പരാതി തെറ്റിദ്ധാരണയാല്‍; ഉറങ്ങിയപ്പോള്‍ പറ്റിയ അബദ്ധമെന്ന് വിശദീകരണം

മുംബൈ∙ വിമാനത്തില്‍ വച്ച് സഹയാത്രികന്‍ അപമാനിച്ചുവെന്ന ബോളിവുഡ് നടിയുടെ പരാതി തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലെന്ന് ആരോപണവിധേയനായ വ്യവസായി വികാസ് സച്ദേവയുടെ കുടുംബം. വികാസ് സച്ദേവ യാത്രാക്ഷീണം കൊണ്ട് മുന്നിലെ സീറ്റില്‍ കാല്‍വച്ച് ഉറങ്ങിയപ്പോഴാണ് അബദ്ധം പിണഞ്ഞതെന്ന് ഭാര്യ അവകാശപ്പെട്ടു. മുംബൈയില്‍ ബിസിനസ് നടത്തുന്ന സച്ദേവ ഡല്‍ഹിയില്‍ മരണാനന്തരചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു.

നടിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതെന്നും അവര്‍ ആരോപിച്ചു. ഞായറാഴ്ചയാണ് വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമാനിച്ച വിവരം പതിനേഴുകാരിയായ താരം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തലാണ് പോക്സോ നിയമപ്രകാരം കേസും അറസ്റ്റും ഉണ്ടായത്. സച്ദേവയെ കോടതിയില്‍ ഹാജരാക്കി.

ഡൽഹിയിൽനിന്നു മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കശ്മീരിൽനിന്നുള്ള ചലച്ചിത്ര താരം സൈറ വാസിമിനെ (17) പീഡിപ്പിച്ചെന്ന പരാതിയിലാണ് സഹയാത്രികൻ വികാസ് സച്ദേവിനെ (39) അറസ്റ്റ് ചെയ്തത്. വൻ സാമ്പത്തിക വിജയം നേടിയ ആമിർ ഖാൻ ചിത്രമായ ‘ദംഗലി’ൽ നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചു പ്രശസ്തയായ നടിയാണു സൈറ. പാതി മയക്കത്തിലായിരുന്ന തന്റെ പുറത്തും കഴുത്തിലും പിൻസീറ്റിലിരുന്ന യാത്രക്കാരൻ കാലുകൊണ്ട് ഉരസിക്കൊണ്ടിരുന്നുവെന്നാണു സൈറയുടെ പരാതി. സംഭവം വിവാദമായതോടെ ഞായറാഴ്ച വൈകിട്ട് പ്രതിയെ അറസ്റ്റ് ചെയ്തു.

നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവും മാനഭംഗശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 

വിമാനത്തിനു പുറത്തിറങ്ങിയശേഷമാണു നടി ‘ഇൻസ്റ്റഗ്രാമി’ ലൂടെ ദുരനുഭവം കരഞ്ഞുകൊണ്ട് ലൈവ് വിഡിയോയായി വിവരിച്ചത്. ‘കഴിഞ്ഞ രാത്രി ഞാൻ വിസ്താര ഫ്ലൈറ്റിൽ ഡൽഹിയിൽനിന്നു മുംബൈയിലേക്കു യാത്ര ചെയ്യുകയായിരുന്നു. പാതിമയക്കത്തിലായിരുന്നു. തൊട്ടുപിന്നിലിരുന്ന മധ്യവയസ്കന്റെ കാൽ എന്റെ ആംറെസ്റ്റിലായിരുന്നു. എന്റെ യാത്ര അയാൾ ദുരിതപൂർണമാക്കി. എന്താണ് അയാൾ ചെയ്യുന്നതെന്നു കൃത്യമായി മനസ്സിലാക്കാൻ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചു. ചിത്രം ശരിയായി കിട്ടിയില്ല. പത്തു മിനിറ്റ് കഴിഞ്ഞാണ് എനിക്കു കൃത്യമായി കാര്യം മനസ്സിലാക്കാനായത്. കാലു കൊണ്ടു തോളിൽ തട്ടുകയും കഴുത്തിൽനിന്നു താഴേക്കും മുകളിലേക്കും ഉരസിക്കൊണ്ടിരിക്കുകയുമായിരുന്നു അയാൾ. കാലിന്റെ ചിത്രം മാത്രമാണു കിട്ടിയത്.’– സൈറ പറഞ്ഞു.