മാണിക്കും വീരനും വേണ്ടി സിപിഎം യോഗം; സിപിഐയെ നിലയ്ക്കുനിർത്താൻ തന്ത്രം

തിരുവനന്തപുരം∙ കേരള കോൺഗ്രസ് (എം), ജനതാദൾ യു (വീരേന്ദ്രകുമാർ വിഭാഗം) എന്നിവയെ എൽഡിഎഫിൽ ഉൾപ്പെടുത്തുന്നതു ചർച്ച ചെയ്യാൻ സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് 14ന് അടിയന്തര യോഗം ചേരും. കേന്ദ്രത്തിൽനിന്നു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടുമുൾപ്പെടെ ഏതാനും നേതാക്കൾ പങ്കെടുക്കുമെന്നാണു സൂചന.

ഇടത് ഐക്യം ശക്‌തിപ്പെടുത്തേണ്ടതിന്റെയും സിപിഎം തനിച്ചു ശക്‌തിപ്പെടേണ്ടതിന്റെയും ആവശ്യത്തിലാണു പാർട്ടിയുടെ കേന്ദ്രനേതൃത്വം ഊന്നൽ നൽകുന്നത്. എന്നാൽ, സിപിഐയെ നിലയ്‌ക്കു നിർത്താനും അവർ മുന്നണിയിൽനിന്നു പോയാലും പ്രശ്‌നമില്ലെന്ന സാഹചര്യമൊരുക്കാനുമാണു സംസ്‌ഥാന നേതൃത്വം അടിയന്തര നീക്കം നടത്തുന്നതെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഇടതുപക്ഷത്തുണ്ടായിരുന്ന ആർഎസ്‌പിയെയും ഫോർവേഡ് ബ്ലോക്കിനെയും പിണക്കിവിട്ടിട്ടു കെ.എം.മാണിയെയും വീരേന്ദ്രകുമാറിനെയും മുന്നണിയിലെത്തിക്കാൻ ശ്രമിക്കുന്നതിനെ പാർട്ടിയിൽ പലരും ചോദ്യം ചെയ്യുന്നുണ്ട്. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ നിയമസഭാ നടപടികൾ അലങ്കോലപ്പെടുത്തിയ പാർട്ടി ഇപ്പോൾ മാണിയെക്കുറിച്ചുള്ള നിലപാടു മറക്കുന്നതു പാർട്ടിക്ക് അപമാനകരമാകുമെന്ന വിലയിരുത്തൽ ചില നേതാക്കൾക്കുണ്ട്.

വീരേന്ദ്രകുമാറിന്റെ പാർട്ടിയെ നേരിട്ട് എൽഡിഎഫിൽ എടുക്കുന്നതു മുന്നണിയുടെ ഭാഗമാകാൻ താൽപര്യപ്പെടുന്ന മറ്റു ചില ചെറുപാർട്ടികളുടെ അനിഷ്‌ടം ക്ഷണിച്ചുവരുത്തുമെന്ന അഭിപ്രായമുയർന്നിട്ടുണ്ട്. എച്ച്.ഡി.ദേവെ ഗൗഡയുടെ പാർട്ടിയുടെ ഭാഗമാക്കി വീരേന്ദ്രകുമാറിനെ കൊണ്ടുവന്നാൽ ഈ പ്രശ്‌നം പരിഹരിക്കാനാവും. എന്നാൽ, അത്തരമൊരു വിട്ടുവീഴ്‌ചയ്‌ക്കു ഗൗഡ തയാറല്ലെന്നാണു സൂചന.

സിപിഎം കഴിഞ്ഞയാഴ്‌ച ഡൽഹിയിൽ പൊളിറ്റ്ബ്യൂറോ ചേർന്നതാണ്. ഓഖി ദുരിതാശ്വാസ നടപടികളുടെ തിരക്കിനിടയിലും മുഖ്യമന്ത്രി പിണറായി വിജയനും സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും രണ്ടു ദിവസത്തെ പിബിയിൽ മുഴുവൻ നേരം പങ്കെടുക്കുകയും ചെയ്‌തു. ഇതിനു പിന്നാലെ, ദേശീയ നേതാക്കളെ അടിയന്തരമായി തിരുവനന്തപുരത്തേക്കു വിളിച്ചു സെക്രട്ടേറിയറ്റിൽ പങ്കെടുപ്പിക്കുന്നതു സമ്മർദതന്ത്രമാണെന്നു പാർട്ടിവൃത്തങ്ങൾ സമ്മതിക്കുന്നു.

ക്രിസ്‌ത്യൻ സമുദായത്തിൽ സ്വാധീനമുണ്ടാക്കാൻ മാണിയുടെ മുന്നണി പങ്കാളിത്തം സഹായിക്കുമെന്ന വാദമാണു സംസ്‌ഥാന നേതൃത്വം ഉന്നയിക്കുന്നത്. എന്നാൽ, കോൺഗ്രസുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ചു ദേശീയനേതൃത്വത്തിൽ തർക്കം രൂക്ഷമായിരിക്കെയാണു മാണിയെ മുന്നണിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതെന്ന പ്രശ്‌നമുണ്ട്. സിപിഐയെ ഒതുക്കുകയെന്ന വലിയ ലക്ഷ്യത്തിനുവേണ്ടി അത്തരം നീക്കുപോക്കുകൾ ഉചിതമാണെന്ന അഭിപ്രായമാണത്രേ സംസ്‌ഥാന നേതൃത്വത്തിനുള്ളത്. മുന്നണിയുടെ ഭാഗമാക്കിക്കഴിഞ്ഞാൽ ഏറെത്താമസിയാതെ കേരള കോൺഗ്രസ് എമ്മിനെ സിപിഎമ്മിന്റെ വരുതിയിലാക്കാമെന്ന വിലയിരുത്തലും ചില നേതാക്കൾക്കുണ്ട്.