Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമീറുലിന് തൂക്കുകയർ; സ്ത്രീകളുടെ അന്തസ്സുയർത്തുന്ന വിധിയെന്ന് കോടതി

Ameer Ul Islam

കൊച്ചി ∙ ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ ജിഷ വധക്കേസിൽ കുറ്റക്കാരനെന്നു തെളിഞ്ഞ പ്രതി അമീറുൽ ഇസ്‌ലാമിനു വധശിക്ഷ. പെരുമ്പാവൂരിലെ വീട്ടില്‍ ജിഷ ദാരുണമായി കൊല്ലപ്പെട്ട് 19 മാസം പിന്നിട്ടപ്പോഴാണ് വിധി. അപൂര്‍വത്തില്‍ അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. സ്ത്രീകളുടെ അന്തസ്സുയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് വിധിയെന്ന് കോടതി വ്യക്തമാക്കി. അസം സ്വദേശിയായ അമീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ബി.എ.ആളൂർ അറിയിച്ചു.

മാനഭംഗം ഉൾപ്പെടെ തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങൾക്കു ജീവപര്യന്തം, 10 വർഷം, ഏഴു വർഷം എന്നിങ്ങനെ കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജിഷ കൊലപാതകം ഡൽഹി നിർഭയ കേസിന് സമാനമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ സാഹചര്യങ്ങളേക്കാള്‍ നീതിക്കായുള്ള സമൂഹത്തിന്റെ നിലവിളിയാണ് പരിഗണിച്ചതെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാര്‍ വ്യക്തമാക്കി. ഏപ്രിൽ നാലിനു തുടങ്ങി എൺപത്തിയഞ്ച് ദിവസം നീണ്ട വിചാരണയ്ക്കൊടുവിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

അമീറിന്റെ ശിക്ഷ ഇങ്ങനെ:

ഐപിസി 302 വകുപ്പു പ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഐപിസി 376 വകുപ്പു പ്രകാരം മാനഭംഗത്തിന് ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും, ഐസിപി 376 എ പ്രകാരം മരണകാരണമായ പീഡനക്കുറ്റത്തിന് 10 വർഷം കഠിനതവും പിഴയും, ഐപിസി 449 പ്രകാരം അന്യായമായി തടഞ്ഞുവച്ചതിന് ഏഴു വർഷം കഠിനതടവ്, വീട്ടിൽ അതിക്രമിച്ചു കടന്നതിന് ഒരു വർഷം തടവും 1000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ.

പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുൽ ഇസ്‌ലാം വീട്ടിൽ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയെന്നാണു കേസ്. കുറ്റകൃത്യം നടന്ന് 19 മാസം പിന്നിടുമ്പോഴാണു പ്രതിക്കു കോടതി ശിക്ഷ വിധിച്ചത്. കേസ് അന്വേഷിച്ച സംഘാംഗങ്ങളും ജിഷയുടെ അമ്മ രാജേശ്വരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും വിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നു. കേസിലെ പ്രതി അമീറുൽ ഇസ്‌ലാമിനു ശിക്ഷയെക്കുറിച്ചു പറയാനുള്ളതു ദ്വിഭാഷിയുടെ സഹായത്തോടെ കോടതി രേഖപ്പെടുത്തിയിരുന്നു.

പ്രോസിക്യൂഷൻ – പ്രതിഭാഗം വാദം

അതിക്രൂരവും അത്യപൂർവവുമായ കുറ്റം ചെയ്ത പ്രതിക്കു വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിക്കെതിരെ ദൃക്സാക്ഷികളില്ലെന്നും ശാസ്ത്രീയ തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്നും ആവർത്തിച്ചു വാദിച്ച പ്രതിഭാഗം ശിക്ഷ അനുഭാവ പൂർവമാവണമെന്നും അഭ്യർഥിച്ചു. നിർഭയ കേസിനു സമാനമല്ല ജിഷയുടെ കേസെന്നും ഇതിൽ ദൃക്സാക്ഷിയില്ലെന്നും ഊഹാപോഹങ്ങൾ കണക്കിലെടുത്ത് ശിക്ഷിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ അമീറുൽ കുറ്റക്കാരനാണെന്നു വിചാരണ കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.

കേസിൽ ബുധനാഴ്ച ശിക്ഷ വിധിക്കുമെന്ന അനുമാനത്തിൽ ജിഷയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണ സംഘത്തിലെ മുഴുവൻ അംഗങ്ങളും കോടതി മുറിയിലെത്തിയിരുന്നു. ബുധനാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കുമ്പോഴും ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന് അമീറുൽ പറഞ്ഞിരുന്നു. ആരാണ് കൊലപ്പെടുത്തിയതെന്ന് തനിക്ക് അറിയില്ലെന്നും അമീറുൽ നിലപാടെടുത്തു.

2016 ഏപ്രിൽ 28നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിൽ വച്ചാണ് ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുൾമുനയിൽ നിർത്തിയ സംഭവത്തിൽ അമീറുൽ ഇസ്‌ലാമിനെ 2016 ജൂൺ 14ന് തമിഴ്നാട്–കേരളാ അതിർത്തിയിൽനിന്നാണു പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജിഷയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തിലായിരുന്നു പ്രതി കഴിഞ്ഞിരുന്നത്.

കുറുപ്പംപടി വട്ടോളിപ്പടി കനാൽബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അമീർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. ജിഷ എതിർത്തപ്പോൾ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തി. ദേഷ്യം ശമിക്കാതെ സ്വകാര്യ ഭാഗങ്ങൾ കത്തികൊണ്ടു മുറിവേൽപ്പിച്ചു. ഡിഎൻഎ പരിശോധനാ ഫലങ്ങളുടെയും ഫൊറൻസിക് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ അമീറിനെതിരായ കുറ്റങ്ങൾ ശാസ്ത്രീയമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.

പ്രതി അമീറുൽ ഇസ്‌ലാമിനു വധശിക്ഷ തന്നെ നൽകണമെന്ന് അമ്മ രാജേശ്വരി ആവശ്യപ്പെട്ടിരുന്നു. മാർച്ച് 13നാണു കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. പ്രോസിക്യൂഷൻ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു. മരണംവരെ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണു പ്രതിക്കെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയത്.

പ്രതിക്കെതിരായ കുറ്റങ്ങൾ

∙ ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) 302 - കൊലക്കുറ്റം : വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാം.
∙ ഐപിസി 376- മാനഭംഗം : 2013 ഫെബ്രുവരിയിൽ നിർഭയ നിയമം പ്രാബല്യത്തിൽ വന്നതോടെ പ്രതിയുടെ തുടർന്നുള്ള ജീവിതം ജയിലിൽ കഴിയേണ്ടി വരും.
∙ ഐപിസി 376 (എ)– മാനഭംഗത്തിനിടയിൽ മരണം സംഭവിച്ചാൽ: വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാം.
∙ ഐപിസി 342 - അന്യായമായി തടഞ്ഞുവെക്കൽ : ഒരു വർഷം വരെ തടവും 10,000 രൂപ പിഴയും
∙ ഐപിസി 449 - ഭവനഭേദനം : ജീവപര്യന്തം തടവും പിഴയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.