ആധാർ ബന്ധിപ്പിക്കൽ: സുപ്രീംകോടതി ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച

ന്യൂഡൽഹി∙ ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കിയതു ചോദ്യംചെയ്‌തുള്ള ഹർജികളിൽ സുപ്രീം കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ബാങ്ക് അക്കൗണ്ട്, സർക്കാർ ആനുകൂല്യങ്ങൾ, മൊബൈൽ ഫോൺ കണക്‌ഷൻ തുടങ്ങിയവയ്‌ക്ക് ആധാർ നമ്പർ നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹർജികൾ. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വെള്ളിയാഴച രാവിലെ പത്തരയോടെയാണു വിധി പ്രസ്താവിക്കുക.

അതിനിടെ മൊബൈൽ ആധാറുമായി ബന്ധിപ്പിക്കാനുള്ള തിയ്യതി നീട്ടാമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ആധാർ സ്വകാര്യത ലംഘിക്കുന്നുണ്ടോ എന്നതിൽ ജനുവരി 10നു വാദം തുടങ്ങും.  

‌ആധാർ നമ്പരും പാൻ നമ്പരും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാർച്ച് 31 വരെ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. പുതുതായി അക്കൗണ്ട് തുടങ്ങുന്നവർ ആറു മാസത്തിനകം ആധാർ, പാൻ നമ്പരുകൾ ലഭ്യമാക്കണമെന്നും നിർദേശിച്ചു. അക്കൗണ്ട് ഉള്ളവരും പുതിയ അക്കൗണ്ടുകാരും സമയപരിധി പാലിച്ചില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും.

നിലവിൽ അക്കൗണ്ട് ഉള്ളവർ ഈ മാസം 31ന് അകം ആധാർ, പാൻ നമ്പരുകൾ നൽകണമെന്ന വ്യവസ്‌ഥയാണു പരിഷ്‌കരിച്ചത്. പുതിയ അക്കൗണ്ട് തുടങ്ങി ആറു മാസത്തിനകം ആധാർ, പാൻ നമ്പരുകൾ നൽകണം. ബാങ്കുകൾക്കു പുറമേ, ധനകാര്യ സ്‌ഥാപനങ്ങൾ, ചിട്ടി ഫണ്ട്, ഓഹരിക്കച്ചവടം, സഹകരണ ബാങ്ക് തുടങ്ങിയവയുമായുള്ള ഇടപാടുകൾക്കും ആധാർ നിർബന്ധമാണ്.