ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപ് സാഹചര്യം നോക്കി മുന്നണി പ്രവേശം: മാണി

കോട്ടയം∙ ലോക്സഭാ തിര‍ഞ്ഞെടുപ്പിനു മുന്നോടിയായി സാഹചര്യങ്ങളനുസരിച്ച് മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് കേരള കോൺഗ്രസ്(എം) അധ്യക്ഷൻ കെ.എം.മാണി. പാർട്ടി സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വലതുമുന്നണി വിട്ടതോടെ ഞങ്ങളുടെ കഥ കഴിഞ്ഞെന്നല്ലേ പലരും പറഞ്ഞത്. വിമര്‍ശിച്ചവർ തന്നെ ഇപ്പോൾ ഞങ്ങൾ ശക്തി തെളിയിച്ചതായി സമ്മതിക്കുന്നു.

സംസ്ഥാന സമ്മേളനത്തിൽ കേരള കോൺഗ്രസിന്റെ ഭാവി സംബന്ധിച്ചായിരിക്കും ചർച്ച. മുന്നണി പ്രവേശനം പ്രധാനമല്ല. ഒരു മുന്നണിയിലുമില്ലാതെ സ്വതന്ത്രമായി രാഷ്ട്രീയ കക്ഷിക്ക് നിലനിൽക്കാനാകുമെന്ന് ‍ഞങ്ങൾ തെളിയിച്ചില്ലേ? വേണമെങ്കിൽ ഇങ്ങനെത്തന്നെ ലോകാവസാനം വരെ പോകും’– മാണി പറഞ്ഞു. ഒറ്റയ്ക്കു നിന്ന് ശക്തി തെളിയിച്ച പാർട്ടിയാണെങ്കിലും ഒറ്റയ്ക്ക് നിൽക്കണമെന്നൊന്നുമില്ലെന്നും മാണി പറഞ്ഞു.

കേരള കോൺഗ്രസിന്റെ അജണ്ടയുമായി യോജിക്കുന്ന രാഷ്ട്രീയ പാർട്ടികൾ വന്നാൽ യോജിച്ചു പ്രവർത്തിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് അപ്പോഴത്തെ സാഹചര്യമനുസരിച്ചു ചെയ്യാമെന്നും മാണി പറഞ്ഞു. മുന്നണി പ്രവേശനം സംബന്ധിച്ച് പാർട്ടിയിൽ ഐക്യമില്ല എന്ന പരാമർശത്തോടുള്ള മാണിയുടെ മറുപടി ഇങ്ങനെ: ‘ഐക്യമില്ലാതെയാണോ ഞങ്ങളിങ്ങനെ ഒരുമിച്ചിരിക്കുന്നത്. മാധ്യമങ്ങളുടെ ചില അഭ്യൂഹങ്ങൾ അസ്ഥാനത്താണെന്ന് ഇതോടെ തെളിഞ്ഞില്ലേ...?’ 

നേരത്തേ, മുന്നണി പ്രവേശനത്തില്‍ സമ്മര്‍ദത്തിനു വഴങ്ങി തീരുമാനമെടുക്കില്ലെന്ന് കെ.എം.മാണി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു മാണിയുടെ പരാമര്‍ശം. 50 വര്‍ഷമായി പൊതുരംഗത്തുള്ള തന്നെ സമ്മര്‍ദത്തിലാക്കാന്‍ കഴിയില്ല. കേരള കോണ്‍ഗ്രസിന്റെ സമീപനവുമായി യോജിക്കുന്ന മുന്നണിയുമായി സഹകരിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്നും മാണി കോട്ടയത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.