വാർത്ത, സ്പോർട്സ് ‘ശ്രദ്ധിക്കാൻ’ ഫോക്സ്; വിനോദം പിടിച്ചെടുക്കാൻ ഡിസ്നി

ന്യൂയോർക്ക്∙ ഓൺലൈൻ സ്ട്രീമിങ് മാധ്യമങ്ങൾ ഉയർത്തുന്ന പുത്തൻ വെല്ലുവിളികളെ ഉൾപ്പെടെ നേരിടാൻ ചലച്ചിത്ര–ടെലിവിഷൻ വിനോദ മേഖലയിലെ ഭീമന്മാരുടെ നിർണായ നീക്കം. ലോകപ്രശസ്ത വിനോദ–മാധ്യമ സ്ഥാപനം ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സിന്റെ 5240 കോടി ഡോളർ മൂല്യമുള്ള ഓഹരികൾ വാങ്ങാൻ വാൾട്ട് ഡിസ്നി കമ്പനി തീരുമാനിച്ചു. ഇന്ത്യയിൽ ഉൾപ്പെടെ പ്രവർത്തനം ശക്തമാക്കാൻ ഇതുവഴി ഡിസ്നിക്കു സാധിക്കും.

മാധ്യമ ഭീമൻ റുപ്പർട് മർഡോക്കിനു കീഴിലുള്ള ഫോക്സ് ആകട്ടെ  ‘ലൈവ്’ വാർത്തകളും കായികമത്സരങ്ങളും തുറക്കുന്ന പുതിയ വാണിജ്യസാധ്യതകളിലേക്കായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. കേബിളിൽ നിന്നു മാറി മത്സരങ്ങളും വാർത്തകളുമെല്ലാം ഓൺലൈൻ സ്ട്രീമിങ്ങിലൂടെ ലഭ്യമാക്കാനുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഫോക്സ് ബ്രോഡ്കാസ്റ്റ് നെറ്റ്‌വർക്ക്, ഫോക്സ് ന്യൂസ്–സ്പോർട്സ് ചാനലുകളിലൂടെയായിരിക്കും ഈ നീക്കം. വിനോദ വിഭാഗം പോയതിനെത്തുടർന്ന് വലുപ്പം കുറഞ്ഞെങ്കിലും വരുമാനം കുതിച്ചു കയറുമെന്നാണ് ഇതുസംബന്ധിച്ച് മർഡോക് നിക്ഷേപകർക്കു നൽകിയിരിക്കുന്ന ഉറപ്പ്. പിതാവിൽ നിന്ന് 65 വർഷം മുൻപ് ദിനപ്പത്ര നടത്തിപ്പ് ഏറ്റെടുത്ത ശേഷമാണ് മർഡോക്ക് മാധ്യമലോകം വെട്ടിപ്പിടിക്കാൻ തുടക്കമിടുന്നത്. 

ലക്ഷ്യം ഓൺലൈൻ സ്ട്രീമിങ്

പേരുകേട്ട ഫോക്സ് ഹോളിവുഡ് ഫിലിം ആൻഡ് ടിവി സ്റ്റുഡിയോകളും കേബിൾ എന്റർടെയ്ൻമെന്റ് നെറ്റ്‌വർക്കുകളും രാജ്യാന്തര ടിവി ബിസിനസുമെല്ലാം പുതിയ ഏറ്റെടുക്കലിലൂടെ ഡിസ്നിയുടെ സ്വന്തമാകും. എക്സ്–മെൻ, അവതാർ തുടങ്ങിയ സിനിമകളുടെയും എഫ്എക്സ് നെറ്റ്‌വർക്ക്, നാഷനൽ ജ്യോഗ്രഫിക് ചാനലുകളുടെയും ഉടമസ്ഥാവകാശവും ഇനി ഡിസ്നിക്കാണ്.

നെറ്റ്‌ഫ്ലിക്സ് ഉൾപ്പെടെയുള്ള എതിരാളികൾ സൃഷ്ടിക്കുന്ന പുതുഭീഷണികളെയും നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ് ഏറ്റെടുക്കൽ. കേബിൾ ടെലിവിഷന് കനത്ത ഭീഷണിയാണ് ഓൺലൈൻ സ്ട്രീമിങ് മീഡിയ സൃഷ്ടിക്കുന്നത്. ഡിസ്നിയുടെ പരസ്യവരുമാനത്തെ ഉൾപ്പെടെ ഇതു ബാധിക്കുന്ന അവസ്ഥയായിരുന്നു.

എബിസി ടെലിവിഷൻ നെറ്റ്‌വർക്കും ഇഎസ്പിഎന്നും കൂടാതെ ഹോളിവുഡിലെ പ്രധാന സ്റ്റുഡിയോകളും ഇപ്പോൾത്തന്നെ ഡിസ്നിയുടെ കൈപ്പിടിയിലുണ്ട്. ഇതോടൊപ്പം ഫോക്സിന്റെ വിനോദമേഖലയിലെ വൻ ‘സമ്പാദ്യം’ കൂടിയാകുന്നതോടെ ഇനി സ്വന്തം ഓൺലൈൻ സ്ട്രീമിങ് സേവനങ്ങളും ആരംഭിക്കാനൊരുങ്ങുകയാണ് ഡിസ്നി. നെറ്റ്‌ഫ്ലിക്സും ആമസോണുമാണു പ്രധാന എതിരാളികൾ. 

ഇന്ത്യയിൽ ഡിസ്നി വിസ്മയം

അതേസമയം, ഇന്ത്യൻ വിനോദമേഖലയിൽ ഉൾപ്പെടെ നിർണായക ഇടപെടലിനാണ് ഡിസ്നിക്ക് പുതിയ ഏറ്റെടുക്കലിലൂടെ സാധ്യമാവുക. ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശവും പ്രാദേശിക ഭാഷയിലുള്ള ടെലിവിഷൻ ഷോകളും ഉൾപ്പെടെ വിനോദപ്രോഗ്രാമുകളുടെ ചാകരയാണ് ഇന്ത്യയിൽ ഡിസ്നിയെ കാത്തിരിക്കുന്നത്. ‘സ്റ്റാർ’ ശൃംഖല കൈപ്പിടിയിലാകുന്നതോടെ ഡിസ്നിയുടെ പ്രോഗ്രാമുകൾ കൂടുതലായി സംപ്രേഷണം ചെയ്യാനും സാധിക്കും.

എട്ടു പ്രാദേശിക ഭാഷകളിൽ 69 ടിവി ചാനലുകൾ മാത്രമല്ല ഹോട്ട്സ്റ്റാർ സ്ട്രീമിങ് സേവനവും സ്റ്റാറിലൂടെ ഡിസ്നിയിലേക്കു വന്നുചേരും. ഇന്ത്യൻ സിനിമാനിർമാണത്തിലും ശക്തമായ സാന്നിധ്യമാകും ഇനി ഡിസ്നിയെന്നുറപ്പ്. ഇതുവരെ ഡിസ്നിയുടെ ഇന്ത്യയിലെ ഫിലിം സ്റ്റുഡിയോ ആയിരുന്ന യുടിവിവഴിയായിരുന്നു പ്രാദേശിക ചിത്രങ്ങളുടെ നിർമാണം, അതിൽത്തന്നെ ബോളിവുഡിലായിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

സ്റ്റാറിന്റെ ഏറ്റെടുക്കലോടെ ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലും ഡിസ്നിക്ക് കൂടുതലായി ഇടപെടാം. തിയേറ്റർ റിലീസ് എന്ന സങ്കൽപത്തെത്തന്നെ ഇല്ലാതാക്കും വിധമായിരിക്കും ഒരുപക്ഷേ ഇനി ഡിസ്നിയുടെ വരവ്. സ്വന്തമായി ചിത്രങ്ങൾ നിർമിച്ച്, സ്റ്റാറിനു കീഴിലുള്ള ചാനലുകളിലൂടെയും ഹോട്ട്സ്റ്റാറിലൂടെയും എല്ലാത്തരം പ്രേക്ഷകരിലേക്കും സിനിമകൾ എത്തിക്കാൻ സാധിക്കുമെന്നതാണ് ഇതിനു കാരണം.