കെ.എം.മാണിയുടെ നീക്കം അപകടകരം, ഇടതുമുന്നണിയിൽ എടുക്കില്ല: കാനം രാജേന്ദ്രൻ

തിരുവനന്തപുരം∙ കെ.എം.മാണിയുടെ എൽഡിഎഫ് പ്രവേശനനീക്കത്തിൽ അപകടമുണ്ടെന്ന് സംശയിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടത് ആശയങ്ങളുമായി യോജിക്കുന്നവരെ മാത്രമാണ് മുന്നണിക്ക് ആവശ്യം. മാണിയെ വെള്ളപൂശിക്കൊണ്ടുവരുന്ന കാര്യം ഇടതുമുന്നണി ചർച്ച ചെയ്തിട്ടില്ല. വിഷയം ഇടതുമുന്നണിയിൽ ചർച്ചയ്ക്കു വന്നാൽ‌ വേണ്ടെന്ന നിലപാട് അറിയിക്കും. മാണിയുടെ അഴിമതിക്കെതിരെ നടത്തിയ പ്രസംഗങ്ങൾ മറക്കാൻ സമയമായിട്ടില്ലെന്നും കാനം പറഞ്ഞു.

കെ.എം.മാണിയുടെ കേരള കോൺഗ്രസ് (എം) മഹാസമ്മേളനം കോട്ടയത്തു നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കാനത്തിന്റെ പ്രസ്താവന വന്നിരിക്കുന്നു. മഹാസമ്മേളനത്തിൽ മുന്നണി പ്രവേശനത്തെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.