സിപിഎം ഏരിയ സമ്മേളന പോസ്റ്ററിൽ കിം ജോങ് ഉൻ; പരിഹസിച്ച് വി.ടി.ബൽറാം

കിം ജോങ് ഉന്നിന്റെ ചിത്രം ഉൾപ്പെടുത്തി നെടുങ്കണ്ടത്തു സ്ഥാപിച്ച ഫ്ലെക്സ് ബോർഡ്

തൊടുപുഴ∙ സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തോട് അനുബന്ധിച്ചു സ്ഥാപിച്ച ഫ്ലെക്സ് ബോർ‌ഡിൽ ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ചിത്രം വച്ചതിനെ പരിഹസിച്ച് വി.ടി.ബല്‍റാം എംഎൽഎ. ''മോർഫിങ് അല്ലാത്രേ, ഒറിജിനൽ തന്നെ ആണത്രേ! കിം ഇൽ സുങ്ങ്‌ കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാൻ പാർട്ടി സെക്രട്ടറിക്കു സമയമില്ലാത്തതു കൊണ്ടായിരിക്കും എന്ന് തോന്നുന്നു!!'' എന്ന കുറിപ്പോടെയാണ് ബല്‍റാം ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തത്. സംഭവം വിവാദമായതോടെ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ജില്ലാ നേതൃത്വം പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മന്ത്രി എം.എം.മണിയുടെ മണ്ഡലത്തിലാണ് ഉത്തരകൊറിയന്‍ സ്വേച്ഛാധിപതിയുടെ ചിത്രങ്ങള്‍ അടങ്ങുന്ന ഫ്ലെക്സ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം സ്ഥാപിച്ചത്. നെടുങ്കണ്ടം ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട പരിപാടിയുടെ വിശദാംശങ്ങളും ഫ്ലെക്സിലുണ്ട്. നെടുംങ്കണ്ടം ടൗണിനു പുറമെ താന്നിമൂട് കവലയിലും കിം ജോങ് ഉന്നിന്റെ ചിത്രമടങ്ങിയ ഫ്ലെക്സാണു സ്ഥാപിച്ചത്. സ്വന്തം കുടുംബാംഗങ്ങളെ ക്രൂരമായി കൊലചെയ്ത ഭരണാധികാരിയുടെ ചിത്രം സ്ഥാപിച്ചത് ശനിയാഴ്ച ആരംഭിച്ച സമ്മേളനത്തിനിടയിലും ചര്‍ച്ചയായി.

ലോക കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ അടങ്ങുന്ന ഫ്ലെക്സുകൾ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഉത്തരകൊറിയന്‍ സ്വേച്ഛാധിപതിയുടെ ഉള്‍പ്പെടുത്തിയതില്‍ പല നേതാക്കളും അമര്‍ഷം രേഖപ്പെടുത്തി. എന്നാല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത് മാധ്യമ വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നാണു ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ബോര്‍ഡുകള്‍ സ്ഥാപിച്ചതുമായി ജില്ലാനേതൃത്വത്തിനു ബന്ധമില്ലെന്നും ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ വ്യക്തമാക്കി.