Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർമാരാകണമെങ്കിൽ എംബിബിസിനു പുറമെ ഇനി ലൈസൻസ് പരീക്ഷയും

medical

പത്തനംതിട്ട ∙ എംബിബിഎസ് പരീക്ഷ ജയിക്കുന്നതോടെ ഡോക്ടറാകാമെന്ന ധാരണ തിരുത്താം. ഇനി മുതൽ പരീക്ഷ ജയിക്കുന്ന മുഴുവൻ വൈദ്യ വിദ്യാർഥികളും മറ്റൊരു പരീക്ഷ കൂടി വിജയിക്കണമെന്ന നിയമം കേന്ദ്രത്തിന്റെ പരിഗണനയിൽ. പുതുതായി ഏർപ്പെടുത്താൻ പോകുന്ന ഈ പുറത്തുകടക്കൽ (എക്സിറ്റ്) പരീക്ഷ വിജയിക്കുന്നവരിൽ നിന്നാവും ഭാവിയിൽ എംഡി ഉൾപ്പെടെയുള്ള ഉന്നത പഠനത്തിനുള്ളവരെ തിരഞ്ഞെടുക്കുക. പിജിക്കുള്ള പ്രവേശന പരീക്ഷയായും വിദേശ പഠനത്തിനുള്ള യോഗ്യതാ പരീക്ഷയായും എംബിബിഎസ് എക്സിറ്റ് പരീക്ഷ മാറും. ഇതുകൂടാതെ, വിദേശത്ത് എംബിബിഎസ് പഠിച്ചവർക്കും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ നാഷനൽ ലൈസൻഷ്യേറ്റ് എക്സാമിനേഷൻ എന്ന ഈ പരീക്ഷ ജയിക്കേണ്ടി വരും.

രാജ്യത്തെ വൈദ്യശാസ്ത്ര മേഖലയെ നിയന്ത്രിക്കുന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കു (എംസിഐ) പകരം നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) രൂപീകരിക്കാനുള്ള നീതി ആയോഗിന്റെ 2016 ലെ നിർദേശം കേന്ദ്ര സർക്കാരിന്റെ അംഗീകാരം നേടിയതോടെയാണ് പുതിയ മാറ്റങ്ങൾക്കു സാധ്യത തെളിയുന്നത്. പാർലമെന്റിന്റെ അംഗീകാരം കൂടി ലഭിച്ചാൽ ഇതു നിയമമാകും. അതോടെ രാജ്യത്തെ വൈദ്യശാസ്ത്ര മേഖലയെ കാത്തിരിക്കുന്നത് ചരിത്രത്തിലെങ്ങുമില്ലാത്ത വിധമുള്ള മാറ്റങ്ങളാണ്. ഇനി മുതൽ മെഡിക്കൽ കോളജുകളുടെ അംഗീകാരവും ഗുണനിലവാരവും തീരുമാനിക്കുന്നതും ഈ എക്സിറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാവുമെന്നതാണു രസകരം.

അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ചാണ് എംസിഐ നിലവിൽ മെഡിക്കൽ കോളജുകളെ അംഗീകരിക്കുന്നത്. നന്നായി പഠിപ്പിക്കാത്ത കോളജുകളിലെ വിദ്യാർഥികൾ എക്സിറ്റ് പരീക്ഷയിൽ തോൽക്കുമെന്നതിനാൽ ഫലത്തിന്റെ അടിസ്ഥാനത്തിൽ കോളജുകളെ മെച്ചപ്പെടുത്തേണ്ടി വരും. സൗകര്യങ്ങൾ ഒരുക്കി സീറ്റുകൾ വർധിപ്പിക്കാനും മെഡിക്കൽ കോളജുകൾക്ക് പുതിയ ബിൽ സ്വാതന്ത്യം നൽകും. നിലവാരം പാലിച്ചില്ലെങ്കിൽ പിഴ അടയ്ക്കേണ്ടി വരും. ഇതു രാജ്യത്തെ ഡോക്ടർമാരുടെ കുറവു പരിഹരിച്ച് ഭാവിയിൽ വൈദ്യസഹായം പാവപ്പെട്ടവർക്കും ലഭ്യമാക്കാൻ സഹായിക്കും. മെഡിക്കൽ കോളജുകൾ എല്ലാ വർഷവും എംസിഐയുടെ അംഗീകാരം തേടണമെന്ന നിയമവും വഴിമാറും. പരിശോധന കുറയുന്നതോടെ വൈദ്യപഠന മേഖലയെ അഴിമതിമുക്തമാക്കാൻ കഴിയും.

എൻഎംസി ബിൽ 2017ന് പാർലമെന്റിന്റെ അംഗീകാരം കിട്ടി മൂന്നു വർഷത്തിനുശേഷമായിരിക്കും എക്സിറ്റ് പരീക്ഷ നിർബന്ധമാവുക. സ്വകാര്യ മെഡിക്കൽ കോളജുകളിലെ 40 ശതമാനം സീറ്റുകളിൽ ഫീസ് നിശ്ചയിക്കുന്നതും എൻഎംസി ആകും. എംസിഐക്ക് ഇല്ലാതിരുന്ന അവകാശമാണിത്. എംബിബിഎസ് – പിജി പഠനത്തിന് രണ്ട് സമിതി, കോളജ് അംഗീകാരത്തിനും ഡോക്ടർമാരുടെ റജിസ്ട്രേഷനും തൊഴിൽ മര്യാദകൾക്കുമായി രണ്ട് എന്നിങ്ങനെ നാലു പ്രത്യേക സമിതികളും രൂപീകരിക്കും.

25 പേരടങ്ങുന്നതാണ് നിലവിലുള്ള മെഡിക്കൽ കൗൺസിൽ. പുതിയ കമ്മിഷനിലേക്ക് ചെയർമാൻ, അഞ്ചുഡോക്ടർമാർ, എട്ട് അനൗദ്യോഗിക അംഗങ്ങൾ, 10 പാർട്ട് ടൈം അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കും. സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തി 64 അംഗ മെഡിക്കൽ അഡ്വൈസറി കമ്മിറ്റിയെ കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്യും. ഡോക്ടർമാർ, ഇതര മേഖലയിൽനിന്നുള്ളവർ എന്നിവരടങ്ങുന്നതായിരിക്കും കമ്മിറ്റി.

related stories