Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴ വാങ്ങി സര്‍ട്ടിഫിക്കറ്റ്: കാരക്കോണം മെഡി. കോളജ് ഡയറക്ടർക്കും പ്രിന്‍സിപ്പലിനും സസ്പെൻഷൻ

bishop-bribe-08

തിരുവനന്തപുരം∙ മെഡിക്കല്‍ സീറ്റ് സംവരണത്തിന് അനര്‍ഹര്‍ക്കു കോഴ വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ കടുത്ത നടപടിയുമായി സിഎസ്ഐ സഭ. കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെന്നറ്റ് ഏബ്രഹാം, പ്രിന്‍സിപ്പല്‍ ഡോ. സി.മധുസൂദനന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. കോഴ കൊടുത്തു നേടിയ സര്‍ട്ടിഫിക്കറ്റിലൂടെ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ കാര്യം കോടതി തീരുമാനിക്കുമെന്നും സഭ അറിയിച്ചു.

സിഎസ്ഐ സഭാധ്യക്ഷന്‍ എ.ധര്‍മരാജ് റസാലം ആണ് നടപടിയെടുത്തത്. ലോക്സഭാ മുന്‍ സിപിഐ സ്ഥാനാര്‍ഥിയാണു ബെന്നറ്റ് ഏബ്രഹാം. കാരക്കോണം മെഡിക്കല്‍ കോളജിലെ അഡ്മിഷനായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് 10 ലക്ഷം രൂപ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ മനോരമ ന്യൂസാണ് പുറത്തുവിട്ടത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കച്ചവടത്തില്‍ കാരക്കോണം മെഡിക്കല്‍ കോളജിലെ ആര്‍ക്കെങ്കിലും പങ്കുണ്ടായാല്‍ കര്‍ശനനടപടി എടുക്കുമെന്ന് സിഎസ്ഐ സഭ അറിയിച്ചിരുന്നു.

സിഎസ്ഐ സഭയില്‍ പുതിയ ഭരണസമിതിയാണ് ഇപ്പോഴുള്ളതെന്നും ക്രമക്കേടുകള്‍ അനുവദിക്കില്ലെന്നും സിഎസ്ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി പറഞ്ഞു. അതേസമയം, കച്ചവടക്കാരാണ് ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് എംഇഎസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂര്‍ പറഞ്ഞു. മുസ്‍ലിം സമുദായത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത്തരം പ്രവണതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കാരക്കോണം മെഡിക്കല്‍ കോളജിലെ മാനേജ്മെന്റ് ക്വാട്ടയില്‍ ഏഴു സീറ്റുകള്‍ സിഎംഎസ് ആംഗ്ലിക്കന്‍ സഭയ്ക്കും അനുബന്ധ സഭകള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലെ അഡ്മിഷന് സിഎംഎസ് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പോ റവന്യു അധികൃതരോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

related stories