Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംബിബിഎസ് പ്രവേശനത്തിന് സമുദായ സർട്ടിഫിക്കറ്റ്; ബിഷപ്പിന് നൽകേണ്ടത് 10 ലക്ഷം– വിഡിയോ

bishop-bribe-08

കൊച്ചി∙ മെഡിക്കല്‍ കോളജുകളിലെ സംവരണ സീറ്റുകളിലേക്കുള്ള അഡ്മിഷന് സിഎംഎസ് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് കച്ചവടം. ബിഷപ്പ് ഡേവിഡ് വി.ലൂക്കോസാണ് ഇതര സമുദായങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കും സിഎംഎസ് ആംഗ്ലിക്കന്‍ സഭാംഗം എന്നു സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കാരക്കോണം മെഡിക്കല്‍ കോളജിലെ അഡ്മിഷനായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് 10 ലക്ഷം രൂപ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു.

കാരക്കോണം മെഡിക്കല്‍ കോളജിലെ മാനേജ്മെന്റ് ക്വാട്ടയില്‍ ഏഴു സീറ്റുകള്‍ സിഎംഎസ് ആംഗ്ലിക്കന്‍ സഭയ്ക്കും അനുബന്ധസഭകള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലെ അഡ്മിഷന് സഭയിലെ ബിഷപ്പോ റവന്യു അധികൃതരോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.

സിഎംഎസ് ആംഗ്ലിക്കന്‍ സഭയിലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ രൂപതാ ബിഷപ്പായ ഡേവിഡ് വി.ലൂക്കോസ് പണം വാങ്ങി ഇതര സമുദായത്തില്‍പെട്ട കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു മനോരമ ന്യൂസ് സംഘം അദ്ദേഹത്തെ ബന്ധപ്പെട്ടത്. എന്‍ആര്‍ഐയായ കാരക്കോണം സ്വദേശി ചെറിയാന്‍ എന്ന പേരിലാണ് ബിഷപ്പിനെ വിളിച്ചത്.

റിപ്പോര്‍ട്ടര്‍: ഹലോ

ബിഷപ്പ്: ഹലോ

റിപ്പോര്‍ട്ടര്‍: നമസ്കാരം, ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് തിരുമേനിയുടെ നമ്പരാണോ ഇത്?

ബിഷപ്പ്: അതെ

റിപ്പോര്‍ട്ടര്‍: എന്റെ മോള്‍ക്ക് കാരക്കോണത്ത് ഒരു എംബിബിഎസ് സീറ്റിനുവേണ്ടിയാരുന്നു, നേരത്തെ നാലുപേര്‍ക്ക് തിരുമേനി സര്‍ട്ടിഫിക്കറ്റ് കൊടുത്തതുവച്ച് കിട്ടിയെന്ന് ക്രിസ്റ്റഫര്‍ പറഞ്ഞു. ശരിയാണോ?

ബിഷപ്പ്: നാലുപേര്‍ക്ക് കിട്ടിയിട്ടുണ്ട്

റിപ്പോര്‍ട്ടര്‍: എത്രവേണ്ടിവരും, എത്രയാ ഞാന്‍ തരേണ്ടത് സര്‍ട്ടിഫിക്കറ്റിന്?

ബിഷപ്പ്: എനിക്ക് പത്തുരൂപ(ലക്ഷം) കിട്ടണം, സഭയ്ക്ക് എന്റെ പേരില്‍

റിപ്പോര്‍ട്ടര്‍: എങ്ങനെയാ ഞാന്‍ അത് ചെയ്യേണ്ടത്? ബാങ്ക് ട്രാന്‍സാക്‌ഷന്‍ വേണോ?

ബിഷപ്പ്: ക്യാഷായിട്ട്

റിപ്പോര്‍ട്ടര്‍: ഞാന്‍ ക്രിസ്റ്റഫറിന്റെ കയ്യില്‍ ഏല്‍പിച്ചാല്‍ മതിയോ?

ബിഷപ്പ്: കുഴപ്പമില്ല

മറ്റൊരു സഭയില്‍ അംഗമായ ചെറിയാന്റെ മകള്‍ റീന ചെറിയാന്‍ എന്ന സാങ്കല്‍പിക വിദ്യാര്‍ഥിനി സിഎംഎസ് ആംഗ്ലിക്കന്‍ സഭാംഗമാണ് എന്നു സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റുമായാണ് ബിഷപ്പ് എത്തിയത്. ബെംഗളൂരുവിലും തനിക്ക് ഈ ഇടപാടുണ്ടെന്ന് ബിഷപ്പ് വെളിപ്പെടുത്തുന്നു. ഒടുവില്‍ പണം അടുത്തദിവസം ഇടനിലക്കാരന്റെ കൈവശം കൊടുത്തയക്കാമെന്നു പറഞ്ഞ് ബിഷപ്പിനെ യാത്രയാക്കി. 

related stories