കശ്മീർ ഇന്ത്യയിൽനിന്ന് മോചിപ്പിക്കും; വെല്ലുവിളിയുമായി ഹാഫിസ് സയീദ്

ലാഹോർ∙ 1971ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിലെ തോൽവിക്ക് പകരമായി കശ്മീരിനെ ഇന്ത്യയിൽ നിന്ന് സ്വതന്ത്രമാക്കണമെന്ന ആഹ്വാനവുമായി ജമാ അത്തുദ്ദഅവ മേധാവി ഹാഫിസ് സയീദ്. ബംഗ്ലദേശിന്റെ രൂപീകരണത്തിന് വഴി തുറന്ന ഇന്ത്യൻ നടപടിക്കു പ്രതികാരമായി കശ്മീരിനെ മോചിപ്പിക്കുമെന്ന് സയീദ് ലാഹോറിൽ പറഞ്ഞു.

യുദ്ധ വിജയത്തിന്റെ സ്മരണ പുതുക്കി ഇന്ത്യയും ബംഗ്ലദേശും ഡിസംബർ 16ന് വിജയ് ദിവസ് ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹഫീസ് സയീദിന്റെ ഭീഷണി പുറത്തുവന്നിരിക്കുന്നത്. 1971ലെ ഇന്ത്യ–പാക് യുദ്ധത്തിൽ പാക്കിസ്ഥാൻ സേന ഇന്ത്യക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഒരു ലക്ഷത്തോളം പേരെ യുദ്ധത്തടവുകാരായി ഇന്ത്യ പിടികൂടുകയും ചെയ്തു.

166 പേർ കൊല്ലപ്പെട്ട 2008ലെ മുംബൈ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനെ പിടികൂടാൻ ഇന്ത്യയും യുഎസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുണ്ട്. അതേസമയം 2018ൽ നടക്കുന്ന പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പില്‍ ഹാഫിസ് സയീദ് മത്സരിക്കുമെന്ന് ഹാഫിസ് സയീദ് പ്രഖ്യാപിച്ചിട്ടുണ്ട്. ജമാ അത്തുദ്ദഅവ നിരോധിക്കപ്പെട്ട സാഹചര്യത്തിൽ മില്ലി മുസ്‌ലിം ലീഗ് (എംഎംഎൽ) എന്ന പേരിൽ മൽസരിക്കാനാണു തീരുമാനം. മുംബൈ ആക്രമണക്കേസിൽ തെളിവുകളുടെ അഭാവത്തിൽ സയീദിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കാൻ അടുത്തിടെ പാക് കോടതി ഉത്തരവിട്ടിരുന്നു.