മൗനിയാക്കാൻ സാധിക്കില്ല, നീന്തുന്നത് സ്രാവുകൾക്കൊപ്പം: ജേക്കബ് തോമസ്

തിരുവനന്തപുരം∙ തന്നെ മൗനിയാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും എന്നാൽ മൗനിയാകാന്‍ മനസില്ലെന്നും സസ്പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസ്. അഴിമതിക്കെതിരെ സംസാരിക്കുമ്പോള്‍ മൗനിയാക്കാനുള്ള ശ്രമം ലോകത്ത് എല്ലായിടത്തുമുണ്ട്. നീന്തുന്നതു സ്രാവുകള്‍ക്കൊപ്പമാകുമ്പോള്‍ അതു സ്വാഭാവികമാണ്. പക്ഷേ, താന്‍ നീന്തല്‍ തുടരും. അഴിമതിവിരുദ്ധ ദിവസമാണ് അഴിമതിക്കെതിരെ സംസാരിച്ചത്. അഴിമതി വിരുദ്ധനിയമം നടപ്പിലാകുന്നുണ്ടെന്നു ജനം കരുതുന്നുണ്ടോയെന്നും നടപടിയിലെ രോഷം മറച്ചുവയ്ക്കാതെ ജേക്കബ് തോമസ് ചോദിച്ചു. സംസ്ഥാനത്തു നിയമവാഴ്ചയില്ലെന്ന പ്രസ്താവനയുടെ പേരിൽ തന്നെ സസ്പെൻഡ് ചെയ്തതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിവിരുദ്ധ ദിനത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണു സർക്കാരിനെതിരെ ജേക്കബ് തോമസ് സംസാരിച്ചത്. സംസ്ഥാനത്തു നിയമവാഴ്ചയും ക്രമസമാധാനവും തകര്‍ന്നുവെന്നായിരുന്നു പ്രസ്താവന. സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നതിനു കാരണം ഇതാണെന്നുമാണു ജേക്കബ് തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. അഴിമതിക്കാർ ഇവിടെ ഐക്യത്തിലാണ്. അവർക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്നു. 51 വെട്ടു വെട്ടിയില്ലെങ്കിലും നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭീതി ഉണ്ടായാൽ പിന്നെ ഒരു വിസിൽബ്ളോവറും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍, സര്‍വീസ് നിയമം ലംഘിച്ചെന്ന പേരില്‍ ക്രിമിനല്‍ നപടിക്കും വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തുകൊണ്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനിടെ, രൂക്ഷവിമര്‍ശനവുമായി സര്‍ക്കാരിനെതിരെ രംഗത്തെത്തിയതാണു ജേക്കബ് തോമസിന്റെ സസ്പെന്‍ഷന് ഇടയാക്കിയത്.