ബല്‍വന്തിന് ഇരട്ട ഗോള്‍; മുംബൈ സിറ്റിക്ക്‌ സീസണിലെ മൂന്നാം ജയം, നാലാം സ്ഥാനത്ത്

ഗോൾ നേടിയ ബൽവന്ത് സിങിന്‍റെയും സഹതാരങ്ങളുടെയും ആഹ്ലാദം

ഗുവാഹത്തി∙ ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് മുംബൈ സിറ്റി എഫ്സി. ഇന്ത്യൻ താരം ബൽവന്ത് സിങ്ങിന്റെ ഇരട്ടഗോൾ മികവിലാണ് മുംബൈ സീസണിലെ മൂന്നാം ജയം കുറിച്ചത്. മൽസരത്തിന്റെ ഇരുപകുതികളിലുമായിരുന്നു ബൽവന്തിന്റെ ഗോളുകൾ. വിജയത്തോടെ ഏഴു മൽസരങ്ങളിൽനിന്ന് 10 പോയിന്റുമായി മുംബൈ നാലാം സ്ഥാനത്തെത്തി. ആറു മൽസരങ്ങളിൽനിന്ന് നാലു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്.

ആദ്യ പകുതിയില്‍ ബല്‍വന്ത്‌ സിങ് (34‍) നേടിയ ഗോളില്‍ മുംബൈ സിറ്റി എഫ്‌സി 1-0നു മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ബല്‍വന്തിലൂടെത്തന്നെ (68‍) മുംബൈ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. അവസരങ്ങൾ പലത് ലഭിച്ചെങ്കിലും ഗോൾ നേടാൻ കഴിയാതിരുന്നതാണ് ഹോം ഗ്രൗണ്ടിൽ നോർത്ത് ഈസ്റ്റിന്റെ തോൽവിക്ക് കാരണമായത്.

കഴിഞ്ഞ മത്സരത്തില്‍ ചുവപ്പു കാർഡ് ലഭിച്ചു പുറത്തുപോയ മലയാളി താരം ടി.പി.രഹനേഷിന് പകരം രവികുമാറിനെയാണ് നോർത്ത് ഈസ്റ്റ് ഗോൾവല കാക്കാൻ നിയോഗിച്ചത്. മുംബൈ സിറ്റിയുടെ പ്രതിരോധ നിരയിലെ ബ്രസീലിയന്‍ താരം ജേഴ്‌സണ്‍ വിയേരയാണ്‌ കളിയിലെ ഹീറോ. മുംബൈയുടെ ഈ സീസണിലെ ആദ്യത്തെ എവേ മത്സര ജയം കൂടി ആണ് ഇന്നത്തേത്. 29ന് ഡൽഹിക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.