ക്രിസ്മസും പുതുവർഷവും ലക്ഷ്യമിട്ട് ഭീകരർ ബ്രിട്ടനിൽ; നാലുപേർ അറസ്റ്റിൽ

ലണ്ടൻ∙ ബ്രിട്ടനിൽ ക്രിസ്മസ്, ന്യൂ ഈയർ ആഘോഷങ്ങൾക്കിടെ ഭീകരാക്രമണം നടത്താനുള്ള ഇസ്‌ലാമിക തീവ്രവാദികളുടെ ശ്രമം സ്കോട്ട്ലൻഡ് യാർഡിലെ രഹസ്യപൊലീസ് തകർത്തു. രഹസ്യപൊലീസും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇതുസംബന്ധിച്ച പദ്ധതി പൊളിച്ചത്. റെയ്ഡിൽ വിവിധയിടങ്ങളിൽനിന്നായി നാലുപേർ കസ്റ്റഡിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തു ഭീകരരുടെ പദ്ധതികൾ പൊളിക്കുകയാണു പൊലീസ്. ഒപ്പം ക്രിസ്മസിനോടുബന്ധിച്ചു ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിങ്ങാം തുടങ്ങിയ എല്ലാ വൻ നഗരങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ അതിശക്തമാക്കുകയും ചെയ്തു.

സൗത്ത് യോർക്ക്ഷെയറിലും ഡെർബിഷെയറിലും ചെസ്റ്റർഫീൽഡിലും നടത്തിയ റെയ്ഡുകളിലാണു കഴിഞ്ഞദിവസം നാലുപേർ പിടിയിലായത്. ഇവർ ഇസ്‌ലാമിക ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണെന്നു പൊലീസ് വ്യക്തമാക്കി. ലണ്ടൻ, മാഞ്ചസ്റ്റർ തുടങ്ങിയ നഗരങ്ങളിൽ ക്രിസ്മസിനോടനുബന്ധിച്ച് ആക്രണങ്ങൾ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു.

ചെസ്റ്റർഫീൽഡിലെ ഒരു വീട്ടിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്നുണ്ടെന്ന വിവരം ലഭിച്ചെത്തിയ പൊലീസ് ഈ തെരുവിലെ താമസക്കാരെ ഒഴിപ്പിച്ചതും ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതും വൻ ആശങ്കയ്ക്കിടയാക്കി. ബോംബ് സ്കാഡ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തിയതോടെ ജനങ്ങൾ ആശങ്കയിലായി. പിന്നീട് ബോംബ് സ്ക്വാഡ് ഈ വിട്ടീൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയതായാണു റിപ്പോർട്ട്.

അറസ്റ്റിലായവരിൽനിന്നു ലഭിച്ച വിവരങ്ങളനുസരിച്ചു കൂടുതൽ സ്ഥലങ്ങളിൽ പൊലീസ് തിരച്ചിൽ തുടരുകയാണ്.