പെനൽറ്റിയിൽ വീണ് ബെംഗളുരു; എതിരില്ലാത്ത ഒരു ഗോളിന് ജംഷ‌ഡ്‌പുരിന് ജയം

ബെംഗളുരു∙ ഐഎസ്എലിൽ ആതിഥേയരായ ബംഗ്‌ളുരു എഫ്‌സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകർത്ത് ജംഷഡ്പുർ എഫ്സി. രണ്ടാം പകുതിയുടെ ഇൻജുറി സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ട്രിന്‍ഡാഡെ ഗോണ്‍സാല്‍വസ്‌ നേടിയ പെനൽറ്റി ഗോളിലാണ് ജംഷഡ്‌പുരിന്റെ വിജയം. ഇതോടെ ജംഷഡ്‌പൂര്‍ ഒന്‍പത്‌ പോയിന്റുമായി ആറാം സ്ഥാനത്തേക്കുയര്‍ന്നു. ബെംഗളുരു 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 

4-2-3-1 ഫോര്‍മേഷനിലാണ്‌ ഇരുകൂട്ടരും കളത്തിലിറങ്ങിയത്. ഉദാന്ത, മിക്കു, സുനില്‍ ഛേത്രി എന്നീ മുന്നു സ്‌പെഷ്യലിസ്റ്റ്‌ മുന്‍നിരക്കാരെ ബെംഗളുരു ഇറക്കിയപ്പോല്‍ ജെറി, കെവന്‍സ്‌ ബെല്‍ഫോര്‍ട്ട്‌ എന്നീ രണ്ടു സ്‌പെഷ്യലിസ്റ്റുകളെയാണ്‌ ജംഷഡ്പുർ ചുമതലപ്പെടുത്തിയത്. 19–ാം മിനിറ്റില്‍ മിക്കുവില്‍ നിന്നുള്ള ക്രോസില്‍ സുനില്‍ ഛേത്രിയുടെ ഹെഡറിലൂടെ ബെംഗ്‌ളുരു ആദ്യ അവസരം സൃഷ്ടിച്ചെങ്കിലും ഗോളായില്ല. 32–ാം മിനിറ്റില്‍ ട്രിന്‍ഡാഡയിലൂടെ ജംഷഡ്‌പൂരിന്റെ ആദ്യ ഷോട്ടും ലക്ഷ്യം കണ്ടില്ല. ആദ്യപകുതിയില്‍ 72 ശതമാനം മുന്‍തൂക്കമുണ്ടായിട്ടും ബെംഗളുരുവിനെ ഗോളടിപ്പിക്കാതിരിക്കാൻ  ജംഷഡ്‌പുരിനു കഴിഞ്ഞു.

രണ്ടാംപകുതിയില്‍ ഇരുടീമുകൾക്കും അവസരങ്ങൾ ലഭിച്ചു. പക്ഷെ ഒന്നും ഗോളായില്ല. ബെംഗളുരുവിന്റെ എറിക്‌ പാര്‍ത്താലൂ, സുബാഷിഷ്‌ ബോസ്‌ എന്നിവരും ജംഷ‌ഡ്‌പൂരിന്റെ ഫറൂഖ്‌ ചൗധരിയും മഞ്ഞക്കാര്‍ഡ്‌ വാങ്ങി. നിശ്ചിത സമയം അവസാനിക്കാന്‍ സെക്കൻഡുകള്‍ മാത്രം ശേഷിക്കെ, പകരക്കാരനായി വന്ന സമീഗ്‌ ദൗതിയെ ബോക്‌സിനകത്തുവെച്ചു രാഹുല്‍ ബെക്കെ ഫൗള്‍ ചെയ്‌തു. ജംഷഡ്പുരിന് അനുകൂലമായി റഫറി പെനൽറ്റി വിധിച്ചു. കിക്കെടുത്ത ട്രീന്‍ഡാഡ ഗോണ്‍സാല്‍വസ്‌ അനായാസം പന്ത്‌ വലയിലെത്തിച്ചു (1-0).