കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം കെ.പി. രാമനുണ്ണിക്ക്

ന്യൂഡൽഹി ∙ കഥാകൃത്തും നോവലിസ്റ്റുമായ കെ.പി. രാമനുണ്ണിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. 'ദൈവത്തിന്റെ പുസ്തകം' എന്ന നോവലിനാണു പുരസ്കാരം. പരിഭാഷയ്ക്കുള്ള അവാർഡ് കെ.എസ്. വെങ്കിടാചലം സ്വന്തമാക്കി. അഗ്രഹാരത്തിലെ പൂച്ച എന്ന കൃതിയുടെ പരിഭാഷയ്ക്കാണു പുരസ്കാരം.

1955-ൽ കൊൽക്കത്തയിൽ ജനിച്ച കെ.പി. രാമനുണ്ണി പൊന്നാനി എ.വി. ഹൈസ്കൂൾ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, മൈസൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. 19 –ാം വയസ്സുമുതൽ ചെറുകഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മുസ്‌ലിം യുവാവും നായർ യുവതിയും തമ്മിലുള്ള പ്രണയകഥ പറഞ്ഞ 'സൂഫി പറഞ്ഞ കഥ' എന്ന ആദ്യ നോവലിലൂടെ തന്നെ വായനക്കാരുടെ മനസ്സിൽ ഇടമുറപ്പിക്കാൻ കെ.പി. രാമനുണ്ണിക്ക് കഴിഞ്ഞു. 1989 ലെ ഇടശ്ശേരി അവാർഡ്, 1995 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ സൂഫി പറഞ്ഞ കഥ സ്വന്തമാക്കി. ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട ആദ്യ നോവൽ അതേ പേരിൽ സിനിമയുമായിട്ടുണ്ട്. 'വിധാതാവിന്റെ ചിരി' ആണ് ആദ്യ കഥാസമാഹാരം. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ‘ജീവിതത്തിന്റെ പുസ്തകം’ എന്ന നോവലിന് 2011-ലെ വയലാർ പുരസ്കാരം ലഭിച്ചു.

വിധാതാവിന്റെ ചിരി, വേണ്ടപ്പെട്ടവന്റെ കുരിശ്, ജാതി ചോദിക്കുക, അവൾ മൊഴിയുകയാണ്, പ്രണയപർവ്വം, കുർക്സ്, പ്രകാശം പരത്തുന്ന ആൺകുട്ടി, പുരുഷ വിലാപം എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ. സൂഫി പറഞ്ഞ കഥ, ചരമവാർഷികം, ജീവിതത്തിന്റെ പുസ്തകം, ദൈവത്തിന്റെ പുസ്തകം എന്നിവയാണ് നോവലുകൾ. നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖനങ്ങളിലെ ഉറച്ച നിലപാടുകളെ തുടർന്ന് ഭീഷണികളും കെ.പി രാമനുണ്ണിക്ക് നേരിടേണ്ടി വന്നു.