കാസർകോട്ട് 10 ദിവസത്തിനിടെ നടന്നത് മൂന്നു വൻ കവർച്ചകൾ; നാട്ടുകാർ ഭീതിയിൽ

കാസർകോട് കവർച്ച നടന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുന്ന ഡോഗ് സ്ക്വാഡ്

കാസര്‍കോട്∙ നാടിനെ നടുക്കി വീണ്ടും വ്യാപക കവര്‍ച്ച. കഴിഞ്ഞ ഒന്നരയാഴ്ചയ്ക്കിടെ ജില്ലയിൽ നടന്നത് മൂന്നു കവര്‍ച്ചകളാണ്. ഉദുമ മുതിയക്കാലിലെ രണ്ടു വീടുകളില്‍ നിന്നായി 25000 രൂപയും, 3500 ഡോളറും, 25 പവനും മോഷണം പോയി. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ സുനിലിന്റെ വീട്ടില്‍ നിന്ന്  20000 രൂപയും, 3500 ഡോളറും, 25 പവനും നഷ്ടപ്പെട്ടു. രാവിലെ ഏഴുമണിയോടെ വീടുപൂട്ടി മംഗളൂരുവിലേയ്ക്ക് പോയ കുടുംബം അര്‍ധരാത്രിയോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അടുക്കളവാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ വീട്ടിലെ സിസിടിവി ഘടിപ്പിച്ചിരുന്ന കമ്പ്യൂട്ടറും അപഹരിച്ചു. 

കാസർകോട് കവർച്ച നടന്ന വീട്ടിൽ പരിശോധന നടത്തുന്ന ഫോറന്‍സിക് വിദഗ്ധർ

സുനിലിന്റെ വീട്ടില്‍ നിന്ന് അന്‍പത് മീറ്റര്‍ മാറിയുള്ള ഡോ.പ്രണബിന്റെ വീട്ടിലും മോഷണം നടന്നു. മുകള്‍ നിലയിലെ വാതില്‍ തകര്‍ത്തായിരുന്നു കവര്‍ച്ച. അലമാരിയില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും സിസിടിവിയുടെ ദൃശ്യങ്ങള്‍ ശേഖരിക്കുന്ന കമ്പ്യൂട്ടറും കവർച്ചക്കാർ കടത്തിക്കൊണ്ടു പോയി.  വീട്ടുകാർ വിദേശത്തായിരുന്നതിനാല്‍ കുറച്ച് ദിവസങ്ങളായി ഈ വീട് പൂട്ടി കിടക്കുകയായിരുന്നു. ഇതു മനസിലാക്കി തന്നെയാണ് രണ്ടു വീടുകളിലും കവർച്ച നടന്നതെന്നാണ് നിഗമനം. 

കാസർകോട്ട് മോഷ്ടാക്കൾ തകർത്ത വീടുകളുടെ വാതിലുകൾ

ഫോറന്‍സിക് വിദഗ്ധരും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് ചീമേനി പുലിയന്നൂരില്‍ റിട്ടയേര്‍ഡ് അധ്യാപികയെ കൊല്ലപ്പെടത്തി മൂന്നംഗസംഘം സ്വര്‍ണവും, പണവും മോഷ്ടിച്ചത്. ഇതിനു പിന്നാലെയാണ് നാടിനെ നടുക്കി വീണ്ടും കവർച്ച നടന്നത്.