Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിഹാർ ജയിലിൽ ഛോട്ടാ രാജനെ വധിക്കാൻ പദ്ധതി; ക്വട്ടേഷൻ നൽകിയത് ദാവൂദ്

chhotta

ന്യൂഡൽഹി∙ അധോലോക നേതാവ് ഛോട്ടാ രാജനെ തിഹാർ ജയിലിനുള്ളിൽവച്ച് വധിക്കാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ട്. ഡൽഹിയിലെ കുപ്രസിദ്ധ കുറ്റവാളിയും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയുമായ നീരജ് ബവാനയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായാണു വിവരം. രഹസ്യാന്വേഷണ വിഭാഗം നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ രാജനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബവാനയുടെ അനുയായി മദ്യപാന സദസ്സിനിടെ അബദ്ധത്തിൽ വിവരം പുറത്തുവിടുകയായിരുന്നു.

തന്നെ കാണാനെത്തിയ വ്യക്തിയോടു ബവാനയും ആക്രമണം നടത്തുന്നതിനെക്കുറിച്ചു പറഞ്ഞതായും വിവരമുണ്ട്. തിഹാർ ജയിലിൽ തന്നെയാണു ബവാനയും കഴിയുന്നത്. മുന്നറിയിപ്പു ലഭിച്ചതിനെ തുടർന്ന് ഇയാളെ തനിച്ചൊരു സെല്ലിലേക്കു മാറ്റി.

തിഹാറിൽ രാജൻ കനത്ത സുരക്ഷയിൽ

നീരജ് ബവാനയെ സെല്ലിൽനിന്നു മാറ്റുന്നതിനു മുൻപു നടത്തിയ പരിശോധനയിൽ ഇയാളുടെ സെല്ലിൽനിന്ന് മൊബൈൽ ഫോണടക്കമുള്ളവ കണ്ടെത്തിയിരുന്നു. ദാവൂദ് ഇബ്രാഹിമിന് യാതൊന്നും ചെയ്യാൻ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് ഛോട്ടാ രാജനെ ഡൽഹിയിലെ തിഹാർ ജയിലിൽ അടച്ചത്. രാജനെ സംരക്ഷിക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണു ജയിലിൽ ഒരുക്കിയിരിക്കുന്നത്. അതിനാൽ ബവാനയ്ക്കു രാജനെ യാതൊന്നും ചെയ്യാൻ സാധിക്കില്ലെന്നും ജയിൽ അധികൃതർ പറയുന്നു. തിഹാറിലെ രണ്ടാം നമ്പർ ജയിലിലെ അവസാന സെല്ലില്ലാണു ഛോട്ടാ രാജനെ താമസിപ്പിച്ചിരിക്കുന്നത്. ബവാന ഒറ്റപ്പെട്ട പ്രദേശത്തും. രാജനു പ്രത്യേകം സുരക്ഷാ ഭടന്മാരും പാചകക്കാരനുമുണ്ട്. കൂടാതെ, ഇവരെയെല്ലാം ദിവസേന പരിശോധിക്കുകയും ചെയ്യാറുണ്ടെന്നും അധികൃതർ അറിയിച്ചു.

ഡൽഹിയിലും സമീപപ്രദേശങ്ങളിലുമുള്ള ക്രിമിനലുകൾ വഴിയും ഛോട്ടാ രാജനെ വധിക്കാൻ ഡി കമ്പനി പലവട്ടം ശ്രമിച്ചിരുന്നു. ഏതെങ്കിലും തരത്തിൽ രാജനെ ആക്രമിക്കാൻ അവർക്കു സാധിച്ചാൽ അത് ഡി കമ്പനിയുടെ വിജയമായാണ് കണക്കാക്കപ്പെടുക. ഇന്ത്യൻ സുരക്ഷയിലെ വീഴ്ചയുമായി കണക്കാക്കപ്പെടും. വിവാദ വ്യവസായി വിജയ് മല്യയടക്കമുള്ള ക്രിമിനലുകൾ ഇന്ത്യൻ ജയിലുകൾ മോശമാണെന്നു പറയുന്ന സാഹചര്യത്തിൽ രാജനെതിരെയുണ്ടാകുന്ന ചെറിയ ആക്രമണംപോലും വിപരീത ഫലമാകും ഉണ്ടാക്കുകയെന്നും ജയിലിലെ മുതിർന്ന ജീവനക്കാരൻ പറഞ്ഞു.

പക തുടങ്ങിയത് 1993ൽ

ഛോട്ടാ രാജൻ വിദേശത്തിരുന്നു മുംബൈ അധോലോകം ഭരിക്കുന്ന കാലത്താണു മുംബൈയിൽ 1993ലെ സ്ഫോടന പരമ്പരയുണ്ടായത്. 257 പേർ മരിച്ച സ്ഫോടന പരമ്പരയ്ക്കു പിന്നിൽ ദാവൂദ് ഇബ്രാഹിമിന്റെ കരങ്ങളാണെന്നു തിരിച്ചറിഞ്ഞതോടെയാണു ഇരുവരും തമ്മിൽ തെറ്റുകയും ചെയ്തു. 2000 സെപ്റ്റംബറിൽ ബാങ്കോക്കിൽ ദാവൂദ് സംഘത്തിന്റെ വെടിയേറ്റു പരുക്കേറ്റെങ്കിലും രാജൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. 2001ൽ ദാവൂദ് സംഘത്തിലെ ശരദ് ഷെട്ടിയെ ദുബായിൽ കൊലപ്പെടുത്തി പ്രതികാരം ചെയ്തു. 15–20 കൊലപാതകക്കേസുകളാണു ഛോട്ടാ രാജനെതിരെയുള്ളത്. ഭീഷണിപ്പെടുത്തി പണം തട്ടൽ, കള്ളക്കടത്ത് തുടങ്ങി മറ്റു കേസുകളുമുണ്ട്.