വിവാദ മതനിരപേക്ഷ പ്രസ്താവന: മന്ത്രി ഹെഗ്ഡെ ലോക്സഭയിൽ മാപ്പു പറഞ്ഞു

ന്യൂഡൽഹി ∙ മതനിരപേക്ഷ രാജ്യമെന്നു ഭരണഘടനയിൽ പറയുന്നതു തിരുത്തുമെന്ന വിവാദ പരാമർശത്തിൽ കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത്‌കുമാർ ഹെഗ്‌ഡെ ലോക്സഭയിൽ മാപ്പു പറഞ്ഞു. ഹെഗ്‌ഡെയെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ ലോക്സഭയിൽ ബഹളം തുടരുന്നതിനിടെയാണ് മാപ്പു പറഞ്ഞ് മന്ത്രി പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിച്ചത്.

‘ എന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഭരണഘടനയിൽ ഞാൻ പരിപൂർണമായി വിശ്വസിക്കുന്നു. എന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു പറയാൻ തയാറാണ്’– ഹെഗ്‌ഡെ ലോക്സഭയിൽ പറഞ്ഞു. മന്ത്രിയുടെ പരാമർശത്തോടു വിയോജിക്കുന്നതായി പാർലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമർശങ്ങൾക്കു പിന്നാലെയാണ് അനന്ത്‌കുമാർ ഹെഗ്‌ഡെയും വിവാദ പ്രസ്താവനയുമായി രംഗത്തുവന്നത്. തങ്ങൾ സമീപഭാവിയിൽ ഭരണഘടന തിരുത്തുമെന്നും മതനിരപേക്ഷവാദികൾ സ്വന്തം മാതാപിതാക്കളാരെന്ന് അറിയാത്തവരാണെന്നുമായിരുന്നു ഹെഗ്‌ഡെയുടെ പരാമർശം. ഇതു പാർലമെന്റിന്റെ ഇരുസഭകളും സ്‌തംഭിക്കാൻ കാരണമായി. കർണാടകയിലെ കൊപ്പാളിലെ ചടങ്ങിലാണു ഹെഗ്‌ഡെ വിവാദപ്രസംഗം നടത്തിയത്.