ഇന്ത്യൻ നിർമിത അന്തർവാഹിനി ഐഎൻഎസ് കൽവരിയുടെ ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം കമ്മിഷൻ ചെയ്ത സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐഎൻഎസ് കൽവരിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ഇന്ത്യൻ നാവികസേന അന്തർവാഹിനി ഉപയോഗിച്ചു തുടങ്ങിയിട്ട് അൻ‌പത് വർഷം തികയുന്ന അവസരത്തിലാണ് നാവികസേന വിഡിയോ പുറത്തുവിട്ടത്.

ഐഎൻഎസ് കൽവരിയുടെ നിർമാണം മുതലുള്ള ദൃശ്യങ്ങളും അന്തര്‍വാഹിനിയുടെ ഉള്ളിലെ പ്രവർത്തനങ്ങളും പുറത്തുവന്ന വിഡിയോയിലുണ്ട്. എതിരിടാനെത്തുന്ന വസ്തുവിനെ മിസൈൽ ഉപയോഗിച്ചു തകർക്കുന്നതെങ്ങനെയെന്നും ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. പൂർണമായി ഇന്ത്യയിൽ നിർമിച്ച സ്കോർപീൻ ക്ലാസ് അന്തർവാഹിനിയാണ് ‘ഐഎൻഎസ് കൽവരി’.

ഡീസൽ-ഇലക്ട്രിക് എൻജിൻ കരുത്തുള്ള കൽവരി, മസ്ഗാവ് ഡോക്കിലാണു നിർമിച്ചത്. നാലു മാസം കടലിൽ പരീക്ഷണം പൂർത്തിയാക്കിയ ശേഷമാണ് അന്തർവാഹിനി നീറ്റിലിറക്കിയത്‌. ഫ്രാൻസിന്റെ സഹായത്തോടെ നിർമിക്കുന്ന ആറ് സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളിൽ ആദ്യത്തേതാണിത്. 67 മീറ്റർ നീളവും 6.2 മീറ്റർ വീതിയുമുള്ള ഈ ഡീസൽ- ഇലക്ട്രിക് അന്തർവാഹിനിക്ക് 1550 ടൺ ഭാരമുണ്ട്. ഇന്ത്യൻ നാവികസേനയുടെ ആദ്യ അന്തർവാഹിനിയായിരുന്ന കൽവരിയുടെ അതേ പേരാണ് ഇതിനും. 1967 ഡിസംബർ എട്ടിന് കമ്മിഷൻ ചെയ്യപ്പെട്ട ആദ്യത്തെ കൽവരി മുങ്ങിക്കപ്പൽ 1996 മേയ് 31 വരെ സേനയ്ക്കൊപ്പമുണ്ടായിരുന്നു.

ഐഎൻഎസ് കൽവരി

∙ വേഗം: മണിക്കൂറിൽ 37 കിലോമീറ്റർ (കടലിന് അടിയിൽ)
∙ ദൂരപരിധി: കടലിന് അടിയിൽ 6500 നോട്ടിക്കൽ മൈൽ (12,000 കിലോമീറ്റർ)

∙ മികവ്: ശത്രുക്കളുടെ നിരീക്ഷണ സംവിധാനത്തിന്, എളുപ്പത്തിൽ കണ്ടെത്താനാവില്ല, 40 ദിവസം വരെ സമുദ്ര അടിത്തട്ടിൽ കഴിയാൻ സാധിക്കും.
∙ ദൗത്യം: സമുദ്ര അടിത്തട്ടിലെ നിരീക്ഷണം, ശത്രു മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തുക, ആവശ്യമെങ്കിൽ കപ്പലുകൾക്കും മുങ്ങിക്കപ്പലുകൾക്കും നേരെ ആക്രമണം നടത്തുക, മൈനുകൾ പാകുക

∙ ആയുധശേഷി: 39 കപ്പൽവേധ മിസൈലുകൾ, 30 മൈനുകൾ, 18 ടോർപിഡോകൾ