സിഡ്നി സീപ്ലെയിൻ അപകടത്തിൽ മരിച്ചത് ബ്രിട്ടിഷ് വ്യവസായിയും കുടുംബാംഗങ്ങളും

സിഡ്നിയിൽ ജലവിമാനം തകർന്നുവീണ സ്ഥലത്ത് തിരച്ചിൽ നടത്തുന്നവർ

ലണ്ടൻ ∙ പുതുവൽസരാഘോഷത്തിനിടെ ഓസ്ട്രേലിയയിലെ സിഡ്നിയിൽ സീപ്ലെയിൽ ദുരന്തത്തിൽ മരിച്ചത് ബ്രിട്ടനിലെ വ്യവസായ പ്രമുഖനും കുടുംബാംഗങ്ങളും. പ്രമുഖ കേറ്ററിങ് കമ്പനിയായ കോംപസ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് കസിൻസും (58) കുടുംബാംഗങ്ങളുമാണ് മരിച്ചത്. റിച്ചാർഡിന്റെ മക്കളായ വില്യം (25), എഡ്വേർഡ് (23) എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് എമ്മ ബൌഡനും (48) അവരുടെ 11 വയസുള്ള മകളും വിമാനത്തിന്റെ പൈലറ്റുമാണ് ദുരന്തത്തിന് ഇരയായത്. ബ്രിട്ടണിലെ സറെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോംപസ് ഗ്രൂപ്പ് 2006 മുതൽ ലോകത്തെ ഏറ്റവും വലിയ ഫുഡ് സർവീസ് കമ്പനിയാണ്.

സിഡ്നിക്ക് 50 കിലോമീറ്റർ വടക്ക് കോവൻ സബേർബിൽ ഹാവ്കെസ്ബറി നദിയിലാണ് വിമാനം തകർന്നുവീണത്. നദിയിൽ 43 അടി ആഴത്തിൽ വെള്ളമുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സി‍ഡ്നി സീപ്ലെയിൻസ് എന്ന കമ്പനിയുടേതാണ് വിമാനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ടൂർ ഓപ്പറേറ്ററാണ് സി‍ഡ്നി സീപ്ലെയിൻസ് കമ്പനി. സിഡ്നിയിലെ പുതുവൽസരാഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സഞ്ചാരികളെ കാണിക്കാനുള്ള വിമാനമായിരുന്നു ഇത്. അപകടകാരണം വ്യക്തമല്ല. സിഡ്നിയിലെത്തുന്ന പ്രശസ്തവ്യക്തികൾ വിനോദ സഞ്ചാരത്തിനായി സിഡ്നി സീപ്ലെയിൻസ് കമ്പനിയെയാണ് ആശ്രയിക്കുന്നത്.