ട്രംപിന്റെ ജറുസലം തീരുമാനം: യുഎസ് സ്ഥാനപതിയെ പലസ്തീൻ തിരിച്ചുവിളിച്ചു

ഹുസം സോംലോട്ട്

ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു. മധ്യ ഏഷ്യയില്‍ അമേരിക്ക നടത്തുന്ന സമാധാന ശ്രമങ്ങളെ അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പലസ്തീന്റെ നടപടി. സ്ഥാനപതി ഹുസം സോം‌ലോട്ടിനെ പിൻവലിക്കുകയാണെന്ന് പലസ്തീന്റെ ഔദ്യോഗിക വാർത്താ ഏജൻസി ‍ഡബ്ല്യുഎഎഫ്എ ഞായറാഴ്ച അറിയിക്കുകയായിരുന്നു. ഡിസംബർ ആറിനായിരുന്നു ജറുസലമിലേക്ക് എംബസി മാറ്റുകയാണെന്ന് ട്രംപ് അറിയിച്ചത്.

ഐക്യരാഷ്ട്ര സംഘടന തള്ളിയതിനെ തുടര്‍ന്നു നിര്‍ജീവമായെങ്കിലും ഡോണള്‍ഡ് ട്രംപിന്റെ ജറൂസലം പ്രഖ്യാപനം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കയിലെ പലസ്തീന്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ചത്. പലസ്തീനിന്റെ നടപടിയെ തുടര്‍ന്നു ഗാസാ മുനമ്പില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. സമാധാനത്തിന്റെ ഇടനിലക്കാരായി ഇനി അമേരിക്കയെ അംഗീകരിക്കില്ലെന്നു പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബാസ് വ്യക്തമാക്കി.

ജറൂസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിയുള്ള ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 13 പലസ്തീന്‍ പൗരന്‍മാരാണു കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതല്‍പേരും മരിച്ചത് ഇസ്രയല്‍ സുരക്ഷാ സേനയുമായുളള ഏറ്റമുട്ടലിനെ തുടര്‍ന്നാണ്. ട്രംപിന്റെ പ്രഖ്യാപനത്തെ കഴിഞ്ഞ ദിവസം യുഎന്‍ പൊതുസഭ വോട്ടിനിട്ടു തള്ളിയിരുന്നു.