പെരുമാറ്റത്തിൽ ‘ഔചിത്യം’ പാലിക്കണം: അണ്ണാ ഡിഎംകെ എംഎൽഎമാരോട് പാർട്ടി

ചെന്നൈ∙ അടുത്തയാഴ്ച നിയമസഭ ചേരാനിരിക്കെ, പെരുമാറ്റത്തിൽ ഔചിത്യം പാലിക്കണമെന്ന് അണ്ണാ ഡിഎംകെ എംഎൽഎമാർക്ക് കർശന നിർദേശം. മുതിർന്ന നേതാക്കളായ ഒ.പനീർസെൽവം, കെ.പളനിസാമി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് എംഎൽഎമാർക്കു നിർദേശം നൽകിയത്. 103 എംഎൽഎമാർ യോഗത്തിൽ പങ്കെടുത്തു. ഏഴു പേർ വ്യക്തിപരവും ഔദ്യോഗികവുമായ കാരണങ്ങൾ കാട്ടി യോഗത്തിൽ വന്നില്ല.

പാർട്ടി വിപ്പ് അനുസരിക്കണമെന്നും പെരുമാറ്റത്തിൽ ഔചിത്യം പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. എന്തു പ്രശ്നങ്ങൾ വന്നാലും സമചിത്തത കൈവിട്ടുകളയരുത്, പാർട്ടി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മാത്രമല്ല, പാർട്ടി വക്താക്കളായി 12 പേരുടെ പേരുകളും പുറത്തുവിട്ടിട്ടുണ്ട്. മുൻമന്ത്രിമാരായ സി. പൊന്നയ്യൻ, പി. വളർമതി, എസ്.ഗോകുല ഇന്ദിര, വൈഗൈ സെൽവൻ എന്നിവരും പട്ടികയിലുണ്ട്.

എട്ടാം തീയതിയാണ് നിയമസഭ ചേരുന്നത്. ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ച ടി.ടി.വി. ദിനകരൻ പങ്കെടുക്കുന്ന ആദ്യ നിയമസഭാ സമ്മേളനമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കഴിഞ്ഞ നവംബറിൽ സംസ്ഥാനത്തിന്റെ ചുമതലയേറ്റെടുത്ത ഗവർണർ ബന്‍വാരിലാൽ പുരോഹിത്തിന്റെയും ആദ്യ നിയമസഭാ സമ്മേളനമാണിത്. ദിനകരനെ പിന്തുണച്ച 18 എംഎൽഎമാരെ അയോഗ്യരാക്കിയ ശേഷമുള്ള ആദ്യ സമ്മേളനം കൂടിയാണിത്.