ജനുവരിയിൽ മമ്മൂട്ടി മാർച്ചിൽ ദുൽഖർ; മനോരമ ഒാൺലൈൻ കലണ്ടർ തയാർ

മനോരമ കലണ്ടർ ആപ്പ് 2018 നടൻ മമ്മൂട്ടി കൊച്ചിയിൽ പുറത്തിറക്കുന്നു. മനോരമ ഒാൺലൈൻ ചീഫ് കണ്ടന്റ് കോർഡിനേറ്റർ സന്തോഷ് ജോർജ് ജേക്കബ്, അന്നാ കിറ്റക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ബോബി എം ജേക്കബ് എന്നിവർ സമീപം.

കൊച്ചി ∙ മെഗാസ്റ്റാർ മമ്മൂട്ടി, തെന്നിന്ത്യയുടെ യുവതാരം ദുൽഖർ സൽമാൻ, ആസിഫ് അലി, ടൊവീനോ തോമസ്, കാളിദാസ് ജയറാം, ഇഷ തൽവാർ തുടങ്ങി താരങ്ങൾ അണിനിരക്കുന്ന ‘മനോരമ ഓൺലൈൻ മൊബൈൽ കലണ്ടർ’ പുറത്തിറങ്ങി. മൊബൈൽ ഫോണുകൾക്കും ടാബ് ലറ്റുകൾക്കും മാത്രമായി ഇത്തരമൊരു കലണ്ടർ ആപ് ഇന്ത്യയിൽ ഇതാദ്യം. മികവുറ്റ ചിത്രങ്ങൾ മുഖമുദ്രയാകുന്ന കലണ്ടറിൽ ദീപ്തി സതി, മഡോണ സെബാസ്റ്റ്യൻ, ആശാ ശരത്, അപർണ ബാലമുരളി, വേദിക തുടങ്ങിയവരും അണി ചേരുന്നു. ഒരു മാസം ഒരു താരം എന്നതാണ് പ്രത്യേകത. ജനുവരിയിലും ഡിസംബറിലും മമ്മൂട്ടി രണ്ടു വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.

പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഒാർഗനൈസറായും ആപ് പ്രവർത്തിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാറം ക്രമീകരിക്കാം. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് നിങ്ങളെ ഓർമപ്പെടുത്തും. ഉദാഹരണത്തിന് വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി ഒാർമപ്പെടുത്താൻ ആവശ്യപ്പെടാം. ഓർമപ്പെടുത്തൽ സന്ദേശം ഇ മെയിൽ ആയും ലഭിക്കും.

മൊബൈൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും സംവിധാനമുണ്ട്. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാനുമാവും. ആൻഡ്രോയിഡ്, െഎ ഫോണ്‍ എന്നിവയിൽ ആപ് ഡൗൺലോഡ് ചെയ്യാം. കിറ്റക്സ് സ്പോൺസർ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക: www.manoramaonline.com/calendar