തുടർതോൽവികൾക്ക് അവസാനം; ഗോവയെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റിന് രണ്ടാം ജയം

രണ്ടാം ജയം സ്വന്തമാക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരങ്ങൾ.ചിത്രം: ഐഎസ്എൽ

ഗുവാഹത്തി∙ തുടർച്ചയായി നാലു മൽസരങ്ങളിലും തോറ്റ് പോയിന്റ് പട്ടികയിൽ 9–ാം സ്ഥാനക്കാരായിരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയ്ക്ക് ഐഎസ്എല്ലിൽ ഗംഭീര തിരിച്ചുവരവ്. ടൂർണമെന്റിലെ വമ്പൻ ടീമുകളിലൊന്നായ എഫ്സി ഗോവയെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നോർത്ത് ഈസ്റ്റ് വീണ്ടും സാന്നിധ്യമറിയിച്ചത്. ഗ്രിഗേറിയോ മാർസിയോ(21), സെമിൻലേൻ ദോങ്കൽ(52) എന്നിവരുടെ ഗോളുകളിലാണ് നോർത്ത് ഈസ്റ്റിന്റെ രണ്ടാം ജയം.  മാനുവൽ അരാന(28) ഗോവയ്ക്കായി ആശ്വാസ ഗോൾ കണ്ടെത്തി.

മൂന്ന് മാറ്റങ്ങളുമായി എട്ടാം മൽസരത്തിനിറങ്ങിയ നോർത്ത് ഈസ്റ്റിന് തുടക്കത്തിൽ തന്നെ മൽസരത്തിലെ ആദ്യ ലീഡെടുക്കാൻ സാധിച്ചത് തുണയായി. തൊട്ടുപിന്നാലെ ഗോൾ മടക്കി ഗോവ സമനില കുറിച്ചെങ്കിലും രണ്ടാം പകുതിയിൽ വീണ്ടും 'ഹൈലാൻഡേഴ്സ്' മുന്നിലെത്തുകയായിരുന്നു. 

ഗോവയെ പരാജയപ്പെടുത്തിയെങ്കിലും പോയിന്റ് ടേബിളിൽ മാറ്റമില്ലാതെ ഒമ്പതാം സ്ഥാനത്താണ് അവരുടെ സ്ഥാനം. ഏഴു പോയിന്റാണ് നോർത്ത് ഈസ്റ്റിന്റെ ഇതുവരെയുള്ള സമ്പാദ്യം. ഇന്നത്തെ കളിക്ക് പുറമെ ജാംഷഡ്പൂർ എഫ്സിയുമായും ഡൽഹി ഡൈനാമോസുമായും നടന്ന മൽസരങ്ങളിൽ മാത്രമാണ് നോർത്ത് ഈസ്റ്റിന് പോയിന്റുകൾ നേടാൻ സാധിച്ചത്. അഞ്ചു തോല്‍വികളും അവര്‍ ഇതുവരെ വഴങ്ങി. അതേ സമയം എട്ടു കളില്‍ നിന്ന് 13 പോയിന്റുള്ള എഫ്സി ഗോവ നിലവിൽ അഞ്ചാം സ്ഥാനത്താണ്.