416 കോടി ചെലവിൽ 14,000 ബങ്കറുകൾ; പാക്ക് ഷെല്ലാക്രമണം നേരിടാൻ ഇന്ത്യ

ജമ്മു∙ അപ്രതീക്ഷിത പാക്ക് ഷെല്ലാക്രമണം തടയാൻ വിപുലമായ പദ്ധതികളുമായി ഇന്ത്യ. നിയന്ത്രണ രേഖയ്ക്കും രാജ്യാന്തര അതിർത്തിക്കും സമീപമുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കായി 14,000ത്തിലേറെ ബങ്കറുകള്‍ നിർമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഗ്രാമീണർക്ക് ശക്തമായ സുരക്ഷാകവചം ഒരുക്കുകയാണ് ലക്ഷ്യം.

ജമ്മു ഡിവിഷന്റെ കീഴിൽ നിർമിക്കുന്ന ബങ്കറുകളുടെ ആകെ ചെലവ് 416 കോടിയാകുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. 13,029 വ്യക്തിഗത ബങ്കറുകളും 1431 കമ്യൂണിറ്റി ബങ്കറുകളുമാണ് സ്ഥാപിക്കുക. പാക്ക് സൈന്യത്തിന്റെ അപ്രതീക്ഷിത ആക്രമണങ്ങളിൽനിന്ന് ഗ്രാമീണരെ രക്ഷിക്കാനുള്ള ആധുനിക സൗകര്യങ്ങളോടെയാകും നിർമാണം.

നിയന്ത്രണ രേഖയോട് ചേർന്നുള്ള ഇരട്ട ജില്ലകളായ പൂഞ്ചിലും രജൗറിയിലും 7298 സാധാരണ ബങ്കറുകളും ജമ്മു, കത്തുവ, സാംബ ജില്ലകളിലെ രാജ്യാന്തര അതിര്‍ത്തിയിൽ 7162 ഭൂഗർഭ ബങ്കറുകളുമാണ് നിർമിക്കുക. 160 ചതുരശ്ര അടി വിസ്തീർണമുള്ള വ്യക്തിഗത ബങ്കറിൽ എട്ടുപേർക്ക് കഴിയാം. 800 ചതുരശ്ര അടിയാണ് 40 പേരെ ഉൾക്കൊള്ളാവുന്ന കമ്യൂണിറ്റി ബങ്കറിന്റെ വിസ്തീർണം.

രജൗറിയിൽ 4918 വ്യക്തിഗത, 372 കമ്യൂണിറ്റി ബങ്കറുകൾ. കത്തുവയിൽ 3076 വ്യക്തിഗത, 243 കമ്യൂണിറ്റി ബങ്കറുകൾ. പൂഞ്ചിൽ 1320 വ്യക്തിഗത, 688 കമ്യൂണിറ്റി ബങ്കറുകൾ. ജമ്മുവിൽ 1200 വ്യക്തിഗത, 120 കമ്യൂണിറ്റി ബങ്കറുകൾ. സാംബ ജില്ലയിൽ 2515 വ്യക്തിഗത, 120 കമ്യൂണിറ്റി ബങ്കറുകൾ എന്നിങ്ങനെയാണ് നിർമിക്കുകയെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പാക്കിസ്ഥാനുമായി 3,323 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യ പങ്കിടുന്നത്. ഇതിൽ 221 കിലോമീറ്റർ രാജ്യാന്തര അതിർത്തിയും 740 കിലോമീറ്റർ നിയന്ത്രണ രേഖയും ഉൾപ്പെടും. കഴിഞ്ഞ വര്‍ഷം മാത്രം പാക്ക് സൈന്യം നടത്തിയ വെടിവയ്പിൽ 19 സൈനികരും 12 ഗ്രാമീണരും നാല് ബിഎസ്എഫ് ജവാന്മാരും കൊല്ലപ്പെട്ടിരുന്നു.