ചർച്ച നല്ല തുടക്കം; കിമ്മുമായുള്ള സംഭാഷണത്തിനു പരിപൂർണ സമ്മതം: ട്രംപ്

ക്യാംപ് ഡേവിഡ് (യുഎസ്എ)∙ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി ഫോൺ സംഭാഷണത്തിനു പരിപൂർണ സമ്മതം അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാത്രമല്ല, ഇരു കൊറിയകളും തമ്മിൽ നടത്തുന്ന ചർച്ചയിൽ പുരോഗമനപരമായ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. മേരിലാൻഡിലെ ക്യാംപ് ഡേവിഡിൽ പ്രസിഡന്‍ഷ്യൽ റിട്രീറ്റിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ട്രംപ്.

ദക്ഷിണ കൊറിയയുമായി രണ്ടു വർഷമായി മുടങ്ങിക്കിടന്ന ചർച്ച അടുത്തയാഴ്ച പുനരാരംഭിക്കാമെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ വാഷിങ്ടനും സോളും സംയുക്തമായി നടത്തിയിരുന്ന സൈനികാഭ്യാസം നിർത്തിവയ്ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ട്രംപിന്റെ പ്രസ്താവനയെയും പ്രതീക്ഷയോടെയാണ് ഈ രംഗത്തെ വിദഗ്ധർ കാണുന്നത്. കിമ്മുമായി സംസാരിക്കാൻ തയാറാണെന്ന് അറിയിച്ച അദ്ദേഹം അതിനു നിബന്ധനകൾ പാടില്ലെന്നും അറിയിച്ചു.

ട്രംപ് അധികാരത്തിൽ കയറിയതുമുതൽ പരസ്പരം ആക്രമിക്കുന്ന തീപ്പൊരി പ്രസ്താവനകളാണ് ഇരു നേതാക്കന്മാരും നടത്തിയത്. കിമ്മിനെ റോക്കറ്റ് മാനെന്നു ട്രംപ് പലതവണ വിളിച്ച് അധിക്ഷേപിച്ചിരുന്നു. കഴിഞ്ഞയാഴ്ച, ഉത്തര കൊറിയയുടെ അണ്വായുധ മിസൈലിന്റെ ബട്ടൻ തന്റെ മേശപ്പുറത്തുണ്ടെന്നു പറഞ്ഞ കിമ്മിനു മറുപടിയായി, അതിലും വലിയ അണ്വായുധമാണ് തങ്ങളുടെ പക്കലുള്ളതെന്നും അതിന്റെ ബട്ടൻ തന്റെ മേശപ്പുറത്തുണ്ടെന്നും ട്രംപ് തിരിച്ചടിച്ചിരുന്നു.

അതേസമയം, ദക്ഷിണ കൊറിയയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന ശീതകാല ഒളിംപിക്സിൽ തങ്ങളുടെ ടീമിനെ പങ്കെടുപ്പിക്കുന്ന കാര്യം ഉത്തര കൊറിയ ചർച്ചകളിൽ ഉന്നയിച്ചേക്കും. നിലവിലെ സങ്കീർണതകളും ആശങ്കകളും ചർച്ചയിലൂടെ ലഘൂകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഒളിംപിക്സിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ച. അതു നല്ല തുടക്കമാണെന്ന് ട്രംപ് വ്യക്തമാക്കി. ‘ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. കിമ്മിനറിയാം ഞാൻ വെറുതെ കറങ്ങുകയല്ലെന്ന്. ഇത്തരം ചർച്ചകളിൽനിന്ന് എന്തെങ്കിലും ഫലമുണ്ടായാൽ അതു ലോകത്തിനും മനുഷ്യകുലത്തിനും വലിയ സംഭവമായിരിക്കും’- ട്രംപ് കൂട്ടിച്ചേർത്തു.