സിപിഎം ഇടുക്കി, കാസര്‍കോട് ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

കട്ടപ്പന/കാസർകോട് ∙ സിപിഎം ഇടുക്കി, കാ‍സർകോട് ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇടുക്കി സമ്മേളനം കട്ടപ്പന ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ, നീലക്കുറിഞ്ഞി ഉദ്യാന വിവാദങ്ങളിൽ സിപിഐയുടെ നിലപാട് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. വനം, റവന്യൂ വകുപ്പുകശക്കെതിരെയും സിപിഐ ജില്ലാ നേതൃത്വത്തിനെതിരെയുമുള്ള പ്രതിഷേധം സമ്മേളനത്തിൽ പ്രതിഫലിക്കും. 

സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തിനും ഇന്ന് കൊടി ഉയരും. കാലാവധി പൂര്‍ത്തിയാക്കുന്ന ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ സ്ഥാനമൊഴിയും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും, സംസ്ഥാന സമിതിയംഗവുമായ എം.വി. ബാലകൃഷ്ണന്‍ പുതിയ സെക്രട്ടറിയാകും എന്നാണ് സൂചന. 

കാല്‍ നൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ് സിപിഎം ജില്ലാ സമ്മേളനത്തിന് കാസര്‍കോട് നഗരം ആതിഥ്യം വഹിക്കുന്നത്. മുന്‍സിപ്പല്‍ ടൗണ്‍ഹാളിലെ വി.വി. ദക്ഷിണാമൂര്‍ത്തി നഗറിലാണ് സമ്മേളനം. 23,301 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 290 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ല കമ്മിറ്റിയംഗങ്ങളുടെ എണ്ണം ഇക്കുറി 33ൽ നിന്നും 35 ആയി വര്‍ധിപ്പിച്ചു. പുതിയ കമ്മിറ്റിയിൽ യുവാക്കൾക്കും, സ്ത്രീകള്‍ക്കും കൂടുതൽ പ്രാതിനിധ്യം നല്‍കും. 

ബേഡകത്തേയും, നീലേശ്വരത്തേയും പ്രദേശിക വിഭാഗീയതകള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കാനുള്ള നടപടികളും, ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്കോട്ട് പാര്‍ട്ടിയുടെ വളര്‍ച്ച കുറഞ്ഞതും സമ്മേളനം ചര്‍ച്ച ചെയ്യും. സിപിഐക്കു നേരെയും വിമര്‍ശനത്തിന്റെ വാള്‍മുന നീളും. 

2008ലാണ് കെ.പി. സതീഷ് ചന്ദ്രൻ ജില്ലാ സെക്രറിയാകുന്നത്. മൂന്നു ടേം പൂര്‍ത്തിയാക്കിയവര്‍ സ്ഥാനമൊഴിയണം എന്ന പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ചാണ് പടിയിറക്കം. നിലവിൽ ഖാദി ബോർഡ് വൈസ് ചെയർമാനായ എം.വി. ബാലകൃഷ്ണൻ സെക്രട്ടറിയാകുമെന്നാണ് വിലയിരുത്തൽ. മുതിർന്ന നേതാക്കളായ പി.രാഘവൻ, പി.ജനാർദ്ദനൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആദ്യന്തം സമ്മേളനത്തിൽ പങ്കെടുക്കും.