സിപിഎം - സിപിഐ പോര്: കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം സജീവ ചർച്ച

തൊടുപുഴ∙ ഇടുക്കിയിൽ സിപിഎം, സിപിഐ പോര് ഇടതുമുന്നണിയിൽ പൊട്ടിത്തെറിയിലേക്കു നീങ്ങുന്നു. സിപിഐയെ മുന്നണിൽനിന്നു പുറത്താക്കണമെന്നു സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പൊതുവികാരം. സിപിഎമ്മിനെതിരെ കുറ്റപത്രം തയാറാക്കി തിരിച്ചടിക്കാൻ സിപിഐ പാളയത്തിലും നീക്കങ്ങൾ സജീവമായി.

സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലും തുടർന്നു നടന്ന ഗ്രൂപ്പ് ചർച്ചയിലും പൊതു ചർച്ചയിലും സിപിഐക്കെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരെടുത്തു പറഞ്ഞായിരുന്നു വിമർശനം. സിപിഐയെ ഒഴിവാക്കി കേരള കോൺഗ്രസിനെ മുന്നണിയിലെടുക്കുന്നതാണ് ഉചിതമായ തീരുമാനമെന്നു പ്രതിനിധികൾ ഒരേ സ്വരത്തിൽ വ്യക്തമാക്കി. സമ്മേളനത്തിലെ വിമർശനങ്ങൾക്കു സിപിഐ ജില്ലാ സെക്രട്ടറി അതേ നാണയത്തിൽ മറുപടി പറഞ്ഞതും സിപിഎമ്മിനെ ചൊടിപ്പിച്ചു.

പൊതുചർച്ചയിൽ ജില്ലയിലെ ഭൂപ്രശ്നങ്ങൾക്കു കാരണം റവന്യൂ, വനം വകുപ്പുകളാണെന്നു മുഖ്യമന്ത്രിയും വ്യക്തമാക്കി. പാർട്ടിയെ തകർക്കാൻ സിപിഎം ആസൂത്രിത നീക്കം നടത്തുന്നുവെന്നാണു സിപിഐ ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിനെ ശക്തമായി പ്രതിരോധിക്കാൻ തന്നെയാണ് സിപിഐയുടെ തീരുമാനം. അടുത്ത മാസം നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിൽ സിപിഎമ്മിനുള്ള മറുപടിയുണ്ടാകും.