12 അല്ല ഇനി 16 അക്കം; ആധാർ ചോർച്ച തടയാൻ വിർച്വൽ ഐഡിയുമായി യുഐഡിഎഐ

ന്യൂഡൽഹി∙ ആധാർ ഉപഭോക്തക്കളുടെ വിവങ്ങൾ ചോരുന്നുവെന്ന ആരോപണങ്ങൾക്ക് തടയിടാൻ ‘വിർച്വൽ ഐഡി’ സംവിധാനവുമായി യുഐഡിഎഐ. മൊബൈൽ സിം വെരിഫിക്കേഷൻ അടക്കമുള്ളവയ്ക്ക് ആധാർ‌ നമ്പറിനു പകരം പ്രത്യേക ഐഡി അനുവദിക്കുന്ന സംവിധാനമാണിത്. ആധാർ നമ്പറിനു പകരം യുഐ‍ഡിഎഐയുടെ വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന ഐഡി നൽകിയാൽ ഇനി വെരിഫിക്കേഷൻ നടക്കും.

16 അക്ക വിർച്വൽ ഐഡിയിൽ ഉപഭോക്താവിന്റെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടാകും. പേര്, വിലാസം, ചിത്രം എന്നീ വിവരങ്ങൾ മാത്രം വേണ്ട സേവനങ്ങൾ വിർച്വൽ ഐഡിയിലൂടെ ചെയ്യാൻ സാധിക്കും. ഉപഭോക്താവിന്റെ ആവശ്യാനുസരണം ഒന്നിലധികം വിർച്വൽ ഐ‍ഡികൾ ലഭിക്കും. പുതിയ ഐഡികൾ ലഭിക്കുമ്പോൾ പഴയത് ഓട്ടോമാറ്റിക്കലി റദ്ദാകുകയും ചെയ്യും. ഇതിലൂടെ ആധാർ നമ്പറും വിവരങ്ങളും പുറത്താകുന്നത് ഒരു പരിധിവരെ തടയാനാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

2018 മാർച്ച് ഒന്നു മുതൽ വിർച്വൽ ഐഡികൾ സ്വീകരിച്ചു തുടങ്ങും. ജൂൺ ഒന്നു മുതൽ എല്ലാ ഏജൻസികളും വിർച്വൽ ഐഡി സ്വീകരിക്കുന്നത് നിർബന്ധമാക്കും.