ബ്രിട്ടിഷ് സർക്കാരിന് ‘സ്നേഹമില്ല’; യാത്ര റദ്ദാക്കി പ്രസിഡന്റ് ട്രംപ്

ലണ്ടൻ∙ അടുത്ത മാസം ബ്രിട്ടനിലേക്കു നടത്താനിരുന്ന യാത്ര മാറ്റിവച്ചതിനു വിചിത്രമായ കാരണം മുന്നോട്ടു വച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടുത്ത വൃത്തങ്ങള്‍. ബ്രിട്ടിഷ് സർക്കാരിന് തന്നോട് ‘അത്രയ്ക്ക് സ്നേഹം’ ഇല്ലാത്തതുകൊണ്ടാണ് ട്രംപ് യാത്ര റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 26നും 27നുമായിരുന്നു ട്രംപ് യാത്ര നിശ്ചയിച്ചിരുന്നത്.

യുഎസ് എംബസി ആസ്ഥാനം നഗരത്തിലെ കണ്ണായ മേഫയറിൽ നിന്നു തെംസ് നദിക്കു തെക്ക് അപ്രധാനമായ നയൻ എംസ് ഭാഗത്തേക്കു മാറ്റാൻ മുൻ ഒബാമ സർക്കാർ ‘മോശം കരാർ’ ഉണ്ടാക്കിയതിനെ വിമർശിച്ചായിരുന്നു യാത്ര റദ്ദാക്കിയതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ലണ്ടനിലെ ആഡംബര എംബസി തുച്ഛമായ തുകയ്ക്കുവിറ്റ് പുതിയ എംബസി നഗരത്തിലെ അപ്രധാന ഭാഗത്തു നിർമിക്കുന്നതിനെയും ട്രംപ് ട്വിറ്ററിൽ രൂക്ഷമായി വിമർശിച്ചു.

എന്നാൽ, ട്രംപിനെതിരെ ലണ്ടൻ മേയർ സാദിഖ് ഖാൻ നടത്തുന്ന തുടർ‌പരാമർശങ്ങളാണു പിന്മാറ്റത്തിനു പിന്നിലെന്ന് ‘ദ് സൺഡേ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ട്രംപ് ലണ്ടനിലേക്ക് വരേണ്ട എന്നുപോലും ഖാൻ പലപ്പോഴും വ്യക്തമാക്കിയിരുന്നു. ട്രംപ് വിരുദ്ധനായ ലേബർ പാർട്ടി നേതാവ് ജെറമി കോർബിന്റെയും സാദിഖ് ഖാന്റെയും വാക്കുകൾക്കു പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടാണ് ബ്രിട്ടിഷ് സർക്കാരിനുമെന്നും ട്രംപ് വിശ്വസിക്കുന്നു.

പുതിയ എംബസിയോടുള്ള അതൃപ്തി യാത്ര ഒഴിവാക്കാനുള്ള വെറും ‘ഒഴിവുകഴിവു’ മാത്രമാണെന്നും ട്രംപുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ബ്രിട്ടനിലേക്കില്ലെന്ന ട്രംപിന്റെ ട്വീറ്റിനു പിന്നാലെയും സാദിഖ് വിമർശനവുമായെത്തി. ‘ഒട്ടേറെ ലണ്ടൻ നിവാസികൾ അമേരിക്കയെയും അവിടെയുള്ളവരെയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ലണ്ടൻ നഗരത്തിന്റെ മൂല്യങ്ങൾക്കെതിരെ നിൽക്കുന്ന ട്രംപിന്റെ പ്രവർത്തനങ്ങളും നയങ്ങളും സംബന്ധിച്ച ഞങ്ങളുടെ സന്ദേശം കൃത്യമായി പ്രസിഡന്റിനു ലഭിച്ചിരിക്കുന്നു.’ - പിന്മാറ്റത്തിനു കാരണമായി സാദിഖ് ട്വിറ്ററിൽ കുറിച്ചു.‌