ആ പരാമർശം നല്ലതിനല്ല; അതിർത്തി വിഷയത്തിൽ ഇന്ത്യയോട് പ്രതിഷേധം അറിയിച്ച് ചൈന

ബിപിൻ റാവത്ത്

ബെയ്ജിങ്∙ ദോക്‌ ലായെ തർക്ക മേഖലയായി വിശേഷിപ്പിച്ച ഇന്ത്യൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നടപടി നല്ലതിനല്ലെന്ന് ചൈന. അതിർത്തിയിൽ സമാധാനം നിലനിൽക്കുന്നതിന് ഇത്തരം ‘വിനാശകാരികളായ’ അഭിപ്രായപ്രകടനങ്ങൾ തിരിച്ചടി സൃഷ്ടിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് വ്യക്തമാക്കി.

സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ഷി ജിൻപിങ്ങും കൊണ്ടു വന്ന സമവായത്തെപ്പോലും ഇത്തരം വാക്കുകൾ ദോഷകരമായി ബാധിക്കും. 

ഇന്ത്യയുടെ ശ്രദ്ധ പാക്ക് അതിർത്തിയിൽ നിന്ന് ചൈനീസ് അതിർത്തിയിലേക്കു മാറ്റണമെന്ന റാവത്തിന്റെ പ്രസ്താവന രണ്ടു ദിവസം മുൻപാണുണ്ടായത്. യഥാർഥ നിയന്ത്രണ രേഖ(എൽഎസി)യിൽ ചൈനയുടെ സമ്മർദം ഏറുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇന്ത്യ–ചൈന ബന്ധത്തിൽ കഴിഞ്ഞ വർഷം ചില നിർണായക മാറ്റങ്ങളുണ്ടായെന്നാണ് ലു കാങ് പ്രതികരിച്ചത്. 

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന വിധത്തിലുള്ളതായിരുന്നു അത്. ഈ സാഹചര്യത്തിൽ ഇതിനെയെല്ലാം തകർക്കും വിധമാണ് റാവത്തിന്റെ പ്രതികരണം. അതിർത്തിയിലെ സമാധാന ശ്രമങ്ങള്‍ക്കാണ് ഇത് തടസ്സമുണ്ടാക്കുക. സെപ്റ്റംബറിലെ ബ്രെക്സിറ്റ് ചർച്ചയും തുടർന്നുള്ള ഉഭയകക്ഷി ചർച്ചകളെയും ബന്ധപ്പെടുത്തിയായിരുന്നു ലുവിന്റെ പ്രതികരണം.