ഓഹരി വിപണിയിൽ കുതിപ്പ്; രൂപയുടെ മൂല്യത്തിലും വർധന

മുംബൈ∙ ഇന്ത്യൻ ഓഹരിവിപണിയിൽ കുതിപ്പ് തുടരുന്നു. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സും ദേശീയ ഓഹരിസൂചികയായ നിഫ്റ്റിയും സർവകാല നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചയ്ക്ക് 2.14 ന് സെൻസെക്സ് 272.89 പോയിന്റ് നേട്ടത്തോടെ 34,865.28 ൽ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 50 പോയിന്റ് ഉയർന്ന് 10,748.70 ൽ എത്തി.

എസ്ബിഐ, ഐസിഐസിഐ, ആക്സിസ് തുടങ്ങി ബാങ്കിങ് മേഖലയിലെ ഓഹരികളിൽ ഉണ്ടായ തുടർച്ചയായുള്ള മുന്നേറ്റമാണ് വിപണിക്ക് കരുത്തായത്. രാജ്യാന്തര വിപണിയിൽ രൂപയുടെ മൂല്യവും ഉയർന്നു. വെള്ളിയാഴ്ച ഡോളറിനെതിരെ 63.45 രൂപ എന്ന മൂല്യത്തിൽ വ്യാപാരം അവസാനിപ്പിച്ചതിൽ നിന്ന് 0.31 % ഉയർന്ന് 63.64 രൂപ എന്ന തലത്തിലായിരുന്നു ഇന്നു ഉച്ചയ്ക്ക് രൂപയുടെ വിനിമയമൂല്യം. 63.41 രൂപയുടെ ശരാശരി വിനിമയമൂല്യമാണ് ഇന്ന് ഉച്ചതിരിഞ്ഞ് ഡോളറിനു മേൽ രൂപയ്ക്കുണ്ടായിരുന്നത്.

കേന്ദ്ര ബജറ്റിന് മുന്നോടിയായി നിക്ഷേപകരുടെ പ്രതീക്ഷയും വൻകിട കമ്പനികളുടെ മൂന്നാംപാദ പ്രവർത്തന റിപ്പോർട്ടുകളും വിപണിക്ക് അനുകൂലമാണ്. ആഭ്യന്തര, വിദേശ നിക്ഷേപകർ ഒരുപോലെ പ്രതീക്ഷ വയ്ക്കുന്നത് വരുംദിനങ്ങളിലും വിപണിയിൽ പ്രതിഫലിക്കുമെന്നാണ് സൂചന. ഏഷ്യൻ വിപണികളിലും ഓഹരികളിൽ മുന്നേറ്റം പ്രകടമാണ്.