തിരിച്ചടിച്ച് ഇന്ത്യൻ സേന; പൂഞ്ചിൽ വെടിവയ്പ് തുടരുന്നു, ഏഴ് പാക്ക് പട്ടാളക്കാരെ വധിച്ചു

ന്യൂഡൽഹി∙ ജമ്മുവിലെ പൂഞ്ച് സെക്ടറിൽ ഇന്ത്യ–പാക്ക് സേനകൾ തമ്മിൽ ഇപ്പോഴും വെടിവയ്പ് തുടരുന്നതായി റിപ്പോർട്ട്. അതിർത്തി ഗ്രാമവാസികളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം മുന്നേറുകയാണ്. മെന്തർ അതിർത്തിയിൽ ഏഴ് പാക്ക് സൈനികരെ വധിച്ചതായി സേന സ്ഥിരീകരിച്ചു.

ജമ്മു കശ്മീരിലെ ഉറി സെക്ടറിലെ അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു ജയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചതിനു പിന്നാലെയാണ് പാക്ക് സൈനികരെയും ഇന്ത്യ വകവരുത്തിയത്. എന്നാല്‍ തങ്ങളുടെ നാലു സൈനികരാണു കൊല്ലപ്പെട്ടതെന്നു പാക്ക് സൈന്യം പ്രതികരിച്ചു. ഇന്ത്യയുടെ മൂന്നു സൈനികരെ കൊലപ്പെടുത്തിയതായും അവർ അവകാശപ്പെട്ടു. എന്നാൽ ഇന്ത്യൻ ഭാഗത്ത് ആരും കൊല്ലപ്പെട്ടിട്ടില്ലെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. അതിനിടെ, പാക്കിസ്ഥാനെതിരെ കടുത്ത സൈനിക നടപടിക്കു മടി‍ക്കില്ലെന്നു കരസേനാ മേധാവി ബിപിൻ റാവത്ത് ഡൽഹിയിൽ വ്യക്തമാക്കി. 

ഇന്ത്യയുടെ തിരിച്ചടിയിൽ ഒട്ടേറെ പാക്ക് സൈനികർക്ക് പരുക്കേറ്റെന്നാണ് റിപ്പോർട്ട്. അഞ്ചിലേറെ പാക്ക് ബങ്കറുകളും സേന തകർത്തു. നേരത്തെ, പൊലീസും സൈന്യവും അതിർത്തിരക്ഷാസേനയും നടത്തിയ സംയുക്ത ഏറ്റുമുട്ടലിൽ നുഴഞ്ഞുകയറ്റവും ഇന്ത്യ പ്രതിരോധിച്ചിരുന്നു. പുതുവർഷത്തിൽ ദക്ഷിണ കശ്മീരിലെ സിആർപിഎഫ് ക്യാംപിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു സൈനികരും മൂന്നു ഭീകരരും കൊല്ലപ്പെട്ടിരുന്നു.

അതിർത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന ഇന്ത്യൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് രംഗത്തെത്തിയിരുന്നു. ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിൽ ‍ഞങ്ങളുടെ ശക്തി പരീക്ഷിക്കാൻ ക്ഷണിക്കുന്നു. അത്തരമൊരു ആക്രമണത്തിലൂടെ ജനറലിന്റെ സംശയം മാറ്റാമെന്നും ആസിഫ് പറഞ്ഞു.

ഇതിനുപിന്നാലെയാണ് ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കിയത്. പാക്കിസ്ഥാന്റെ ആണവ ‘ഭോഷ്ക്’ തകർക്കാൻ സൈന്യം തയാറാണെന്നാണ് ബിപിൻ റാവത്ത് പറഞ്ഞത്. കേന്ദ്രം ആവശ്യപ്പെട്ടാൽ അതിർത്തി കടന്ന് ആക്രമണം നടത്താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.